KSDLIVENEWS

Real news for everyone

വിമര്‍ശനങ്ങള്‍ ജനവികാരം സര്‍ക്കാരിനെതിരാക്കാന്‍; ഒരിഞ്ച് പിന്നോട്ടില്ല- മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തെ സംബന്ധിച്ച വിമർശനങ്ങളെ തളളി മുഖ്യമന്ത്രി പിണറായി വിജയൻ. കോവിഡ് രണ്ടാംതരംഗത്തിന്റെ പശ്ചാത്തലത്തിൽ ഉയർന്നുവരുന്ന വിമർശനങ്ങൾ അനാവശ്യമാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. ജനവികാരം സർക്കാരിനെതിരാക്കാനും കോവിഡിനെതിരായുള്ള പോരാട്ടത്തെ പൊതുജനങ്ങൾ ലാഘവത്തോടെ കാണുന്ന സാഹചര്യം സൃഷ്ടിക്കാനുമുള്ള നീക്കങ്ങളാണ് ഇതെന്നും പിണറായി വിജയൻ ആരോപിച്ചു. ചിന്ത വാരികയിലെഴുതിയ ലേഖനത്തിലാണ് മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുന്നത്.

‘കേരളത്തിൽ, മറ്റിടങ്ങളെ അപേക്ഷിച്ച് താമസിച്ചാണ് രണ്ടാം തരംഗം ആരംഭിച്ചതെന്നും കേരളത്തിൽ രോഗബാധയേൽക്കാൻ റിസ്ക് ഫാക്ടറുകൾ ഉള്ളവർ ധാരാളമായി ഉണ്ടെന്നതും അറിയാത്തവരല്ല വിമർശനങ്ങൾ ഉയർത്തുന്നത്. രാജ്യത്തെ വൻനഗരങ്ങൾ കഴിഞ്ഞാൽ ഏറ്റവുമധികം ജനസാന്ദ്രതയുള്ള പ്രദേശമാണ് ഇത്. രോഗം വലിയ രീതിയിൽ വ്യാപിച്ച വിദേശരാജ്യങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന സംസ്ഥാനമാണ് കേരളം. മഹാമാരിക്കെതിരായുള്ള ഏറ്റവും ഫലപ്രദമായ പ്രതിരോധം സമ്പൂർണ്ണ വാക്സിനേഷൻ ആണെന്നതും അതുറപ്പുവരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്ര സർക്കാരിനാണ് എന്നതും, അറിയാവുന്നവർ, അതൊക്കെ മറച്ചുവച്ചുകൊണ്ട് ബോധപൂർവ്വം ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിവരുന്ന അകമഴിഞ്ഞ സഹകരണത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്.’ മുഖ്യമന്ത്രി എഴുതുന്നു.


കേരളം പിന്തുടർന്ന മാതൃക തെറ്റാണെങ്കിൽ ഏത് മാതൃകയാണ് സ്വീകരിക്കേണ്ടതെന്നും അദ്ദേഹം ചോദിക്കുന്നുണ്ട്. കേരളത്തിൽ ഒരാൾ പോലും ഓക്സിജൻ കിട്ടാതെ മരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച മുഖ്യമന്ത്രി കേരളം ഒരു തുളളി വാക്സിൻ പോലും കേരളം നഷ്ടപ്പെടുത്തിയിട്ടില്ലെന്നതും ഓർമിപ്പിച്ചു. മൂന്നാംതരംഗത്തെ നേരിടാനുളള ഇടപെടലുകൾ സർക്കാർ നടപ്പാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താനായി പീഡിയാട്രിക് ഐസിയുകളിലെ കിടക്കകളുടെ എണ്ണം വർധിപ്പിക്കുകയും തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും പീഡിയാട്രിക് ഐസിയു വാർഡുകൾ ഒരുക്കുന്നതിനും തുടക്കമിട്ടിട്ടുണ്ട്. തദ്ദേശീയമായി വാക്സിൻ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളും കേരളം നടത്തുകയാണ്.

അനാവശ്യ വിവാദങ്ങൾക്ക് ചെവി കൊടുത്ത് ഉത്തരവാദിത്തത്തിൽ വീഴ്ച വരുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്നും ലേഖനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കുന്നു. ‘കേരള മോഡൽ എന്നുമൊരു ബദൽ കാഴ്ചപ്പാടാണ് ഉയർത്തിപ്പിടിച്ചിട്ടുള്ളത്. ഈ കോവിഡ് മഹാമാരിയുടെ ഘട്ടത്തിലും സർക്കാരിന്റെ ഉത്തരവാദിത്തം – പ്രത്യേകിച്ച് ആരോഗ്യ, ക്ഷേമ, വികസന കാര്യങ്ങളിൽ – ഊട്ടിയുറപ്പിക്കുന്ന ബദൽ കാഴ്ചപ്പാടാണ് കേരളം മുന്നോട്ടുവെച്ചിട്ടുള്ളത്. ആ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ നിന്നും ഒരിഞ്ചുപോലും സർക്കാർ പുറകോട്ടു പോകില്ല.’ മുഖ്യമന്ത്രി എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!