KSDLIVENEWS

Real news for everyone

മറക്കില്ല പൊറുക്കില്ല, തിരിച്ചടിക്കും; കാബൂള്‍ ആക്രമണത്തില്‍ വികാരനിര്‍ഭരനായി ബൈഡന്‍

SHARE THIS ON

വാഷിങ്ടൺ: അമേരിക്കൻ സൈനികരടക്കം 60 ലധികം പേർ കൊല്ലപ്പെടാനിടയായ കാബൂൾ ഇരട്ട സ്ഫോടനത്തിന് ഉത്തരവാദികളായവരെ വെറുതെ വിടില്ലെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ‘നിങ്ങളെ ഞങ്ങൾ വേട്ടയാടും’ ബൈഡൻ പറഞ്ഞു. വൈറ്റ് ഹൗസിൽ വികാരനിർഭരനായി സംസാരിച്ച ബൈഡൻ തിരിച്ചടിക്കാനുള്ള പദ്ധതികൾ തയ്യാറാക്കാൻ പെന്റഗണിന് നിർദേശം നൽകി.

കാബൂൾ ഇരട്ട സ്ഫോടനത്തിൽ 13 യുഎസ് സൈനികരും നിരവധി സാധാരണക്കാരുമാണ് കൊല്ലപ്പെട്ടത്. ഒരു ദശകത്തിനിടെ യുഎസ് സേനയ്ക്ക് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായ ദിനമായിരുന്നു വ്യാഴാഴ്ച. സ്ഫോടനത്തിന്റെ ഉത്തരവാദിത്വം അഫ്ഗാൻ ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.


‘ഞങ്ങൾ ഒരിക്കലും പൊറുക്കില്ല, ഒരിക്കലും മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടും. കനത്ത വില നൽകേണ്ടി വരും’ ബൈഡൻ വൈറ്റ്ഹൗസിൽ പ്രസ്താവന നടത്തി.

അഫ്ഗാനിസ്താനിൽ നിന്നുള്ള ഒഴിപ്പിക്കൽ തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകുകയും ചെയ്തു.’തീവ്രവാദികൾക്ക് ഞങ്ങളെ പിന്തിരിപ്പിക്കാനാകില്ല. ഞങ്ങളുടെ ദൗത്യം അവസാനിപ്പിക്കാൻ അവർക്ക് സാധിക്കില്ല. ഒഴിപ്പിക്കൽ നടപടികൾ തുടരും’ ബൈഡൻ വ്യക്തമാക്കി.


ഇതിനിടെ യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് തന്റെ പര്യടനങ്ങൾ അവസാനിപ്പിച്ച് വാഷിങ്ടണിലേക്ക് തിരിച്ചിട്ടുണ്ടെന്ന് അവരുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു.

അഫ്ഗാനിൽ നിന്ന് ഓഗസ്റ്റ് 31-നകം സൈന്യത്തെ പിൻവലിക്കാനുള്ള തീരുമാനത്തിൽ നിന്ന് ബൈഡൻ മാറ്റം വരുത്തിയിട്ടില്ലെന്നും അദ്ദേഹം തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണെന്നും വൈറ്റ്ഹൗസ് വക്താവ് ജെൻ സാക്കി പറഞ്ഞു. കൂടുതൽ ആക്രമണങ്ങൾക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകളെ തുടർന്നാണിതെന്നും അവർ വ്യക്തമാക്കി.

അതേ സമയം കാബൂളിൽ ആക്രമണം നടത്തിയവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള പദ്ധതികൾ തയ്യാറാക്കുന്നതിന് സൈനിക കമാൻഡർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് ബൈഡൻ അറിയിച്ചിട്ടുണ്ട്. വലിയ സൈനിക ഓപ്പറേഷനുകളില്ലാതെ തിരിച്ചടി നൽകാനുള്ള വഴി തങ്ങൾ കണ്ടെത്തുമെന്നും ബൈഡൻ പറഞ്ഞു.


കാബൂൾ ആക്രമണത്തിൽ മരിച്ച സൈനികരെ കുറിച്ച് സംസാരിച്ചപ്പോഴാണ് അദ്ദേഹം വികാരാധീനനായത്. ജീവൻ നഷ്ടമായ സൈനികരെ അമേരിക്കൻ ഹീറോകളെന്ന് വിശേഷിപ്പിച്ച ബൈഡൻ വൈറ്റ്ഹൗസിലും രാജ്യമെമ്പാടുമുള്ള പൊതു കെട്ടിടങ്ങളിലും ദേശീയപതാക പകുതി താഴ്ത്തിക്കെട്ടാനും ഉത്തരവിട്ടു.

അവർ എന്താണോ ആവശ്യപ്പെടുന്നത് അത് നൽകും. കൂടുതലായി സൈന്യത്തെ വേണമെങ്കിൽ അതിനും തയ്യാറാണെന്ന് സൈന്യത്തെ അറിയിച്ചതായി ബൈഡൻ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!