അസമില്‍ ട്രക്കുകള്‍ക്ക് നേരെ ആക്രമണം; തീവെയ്പ് ; അഞ്ച് മരണം

ഗുവാഹാത്തി: അസമിൽ ട്രക്കുകൾക്ക് നേരെ ആക്രമം നടത്തി ഡിമാസ നാഷണൽ ലിബറേഷൻ ആർമി (ഡി.എൻ.എൽ.എ). ആക്രമണത്തിൽ അഞ്ചു പേർ മരിച്ചു. ഒരാൾക്ക് പരിക്കുണ്ട്. ട്രക്കുകൾക്ക് നേരെ വെടിയുതിർത്ത ശേഷം തീയിടുകയായിരുന്നു. അസമിലെ ഡിമാ ഹസാവോ ജില്ലയിൽ വ്യാഴാഴ്ച രാത്രിയോടെയാണ് ഏഴ് ട്രക്കുകൾക്ക് നേരെ ആക്രമണമുണ്ടായത്. സംഭവ സ്ഥലത്ത് നിന്നും അഞ്ചു മൃതദേഹങ്ങൾ കണ്ടെടുത്തു. ഡിമാസ നാഷണൽ ലിബറേഷൻ ആർമിയിലെ ആറ് കേഡറുകൾ കഴിഞ്ഞ മേയിൽ കാർബി അങ്ലോങ് ജില്ലയിലുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാര നടപടി എന്നോണമാണ് ഡി.എൻ.എൽ.എ ട്രക്കുകൾക്ക് നേരെ നടത്തിയ ആക്രമണമെന്ന് അസം പോലീസ് വിലയിരുത്തുന്നു. മേഘാലയയിലെ ഉംരംഗ്സു എന്ന സ്ഥലത്ത് നിന്ന് അസംസ്ക്യത സാധനങ്ങളുമായി എത്തിയ ട്രക്കുകളാണ് ആക്രമിക്കപ്പെട്ടത്. അസം പോലീസും അസം റൈഫിൾസും പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ ഊർജിതമായി തുടരുകയാണ്.