KSDLIVENEWS

Real news for everyone

കോവിഡിന് പിന്നാലെ മിസ്ക്; കേരളത്തില്‍ നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ്

SHARE THIS ON

തിരുവനന്തപുരം: മള്‍ട്ടി ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രോം-സി(MIS-C) ബാധിച്ച്‌ സംസ്ഥാനത്ത് നാല് കുട്ടികള്‍ മരിച്ചതായി ആരോഗ്യവകുപ്പ്.

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ 300 ലേറെ കുട്ടികള്‍ക്കു മിസ്ക് സ്ഥിരീകരിച്ചു. ഇതില്‍ 95ശതമാനം പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മരിച്ച നാല് പേരും 18 വയസ്സിനു താഴെയുള്ളവരാണ്. ഇതില്‍ ഒരാള്‍ക്ക് മാത്രമാണ് ഗുരുതരമായ രോഗങ്ങളുണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലാണ് മിസ്ക് മരണം റിപ്പോര്‍ട്ട് ചെയ്തത്.
ഈ സാഹചര്യത്തില്‍ കുട്ടികള്‍ക്ക് കോവിഡ് ബാധിക്കാതിരിക്കാന്‍ കൂടുതല്‍ ജാ​ഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. കോവിഡ് പോസിറ്റീവ് ആകുന്ന കുട്ടികള്‍ക്ക് 3-4 ആഴ്ചയ്ക്കകമാണു മിസ്ക് ബാധിക്കുന്നത്.

കടുത്ത പനിയാണ് പ്രധാന രോഗലക്ഷണം. ത്വക്കില്‍ ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുന്നതും പഴുപ്പില്ലാത്ത ചെങ്കണ്ണുമെല്ലാം ലക്ഷണങ്ങളാണ്. വായ്ക്കുള്ളിലെ തടിപ്പ്, രക്തസമ്മര്‍ദം കുറയല്‍, ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഉദരരോഗങ്ങള്‍, രക്തം കട്ട പിടിക്കാനുള്ള തടസ്സം എന്നിവ മിസ്കിന്റെ ലക്ഷണമാണ്.

സംസ്ഥാനത്തെ കോവിഡ് ബാധിതരില്‍ ശതമാനം പത്ത് വയസ്സിന് താഴെയുള്ളവരാണ്. പത്ത് ശതമാനം പേര്‍ പതിനൊന്നും ഇരുപതിനും വയസ്സ് പ്രായമുള്ളവരുമാണ്.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ 32,801 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4032, തൃശൂര്‍ 3953, എറണാകുളം 3627, കോഴിക്കോട് 3362, കൊല്ലം 2828, പാലക്കാട് 2727, തിരുവനന്തപുരം 2255, ആലപ്പുഴ 2188, കണ്ണൂര്‍ 1984, കോട്ടയം 1877, പത്തനംതിട്ട 1288, ഇടുക്കി 1125, വയനാട് 961, കാസര്‍ഗോഡ് 594 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,70,703 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.22 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 3,09,56,146 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. ട്രിപ്പിള്‍ ലോക്ഡൗണിന് സമനാമായ നിയന്ത്രണങ്ങളാണ് ഈ ഞായറാഴ്ച മുതല്‍ ഏര്‍പ്പെടുത്തുക. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമായിരിക്കും പ്രവര്‍ത്തനനുമതി നല്‍കുക. യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണം ഉണ്ടായിരിക്കും.

സ്വാതന്ത്ര്യ ദിനവും ഓണവും പ്രമാണിച്ച്‌ കഴിഞ്ഞ രണ്ട് ഞായറാഴ്ചകളില്‍ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍ മുപ്പതിനായിരത്തിന് മുകളിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!