ആകെയുള്ളത് മൂന്ന് മുഖ്യമന്ത്രിമാര്‍; മൂവരേയും മാറ്റണമെന്ന് ആവശ്യം; നട്ടംതിരിഞ്ഞ് കോണ്‍ഗ്രസ്

ന്യൂഡൽഹി:രാജസ്ഥാൻ, പഞ്ചാബ്, ഛത്തീസ്ഗഢ് എന്നീ മൂന്ന് സംസ്ഥാനങ്ങളിൽ മാത്രമാണ് രാജ്യത്ത് കോൺഗ്രസിന് മുഖ്യമന്ത്രിമാരുള്ളത്. ജാർഖണ്ഡ്, തമിഴ്നാട്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ ഭരണസഖ്യത്തിൽ പങ്കാളിയാണ്.
എന്നാൽ കോൺഗ്രസിന് സ്വന്തമായി മുഖ്യമന്ത്രിമാരുള്ള മൂന്ന് സംസ്ഥാനങ്ങളിലും പാർട്ടിക്കുള്ളിൽ തീവ്രമായ പോരാണ് നടക്കുന്നത്. മൂന്നിടങ്ങളിലും മുഖ്യമന്ത്രിമാരെ മാറ്റണമെന്നാവശ്യപ്പെട്ട് വലിയ സമ്മർദമാണ് കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ എത്തുന്നത്. രാജസ്ഥാനിൽ പോരിന് നേരിയ ശമനമുണ്ടെങ്കിലും ഛത്തീസ്ഗഢിലും പഞ്ചാബിലും അടി മൂർദ്ധന്യാവസ്ഥയിലാണ്.
പഞ്ചാബിൽ സിദ്ദു-അമരീന്ദർ
പഞ്ചാബിൽ കോൺഗ്രസ് 2017-ൽ അധികാരം നേടി അമരീന്ദർ സിങ് മുഖ്യമന്ത്രി ആയത് മുതൽ തുടങ്ങിയ പോരാണ് ഇപ്പോൾ കാലാവധി തീരാനിരിക്കുന്ന ഘട്ടത്തിലും രൂക്ഷമായി തന്നെ തുടരുന്നത്. സംസ്ഥാനത്തെ പാർട്ടിയുടെ അധ്യക്ഷനുമായ നവജ്യോത് സിങ് സിദ്ദുവും അമരീന്ദർ സിങും തമ്മിൽ ഒരു നിലക്കും യോജിക്കാതെ കടുത്ത ഭിന്നതയിലാണ്. രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന സിദ്ദു സാധ്യമായ എല്ലാ അവസരങ്ങളിലും അമരീന്ദറിന്റെ പടിയിറക്കത്തിന് ശ്രമിക്കുന്നുണ്ട്.
ലോക്സഭാ സീറ്റ് വിതരണം, വകുപ്പ് വിഭജനം, പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങ്, പാക് സൈനിക മേധാവി ജനറൽ ഖമർ ജാവേദ് ബജ്വയെ ആശ്ലേഷിക്കൽ, മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണം, ശിരോമണി അകാലിദൾ നേതൃത്വവുമായി രഹസ്യധാരണ, പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ പദവി തുടങ്ങി ഒട്ടേറെ വിഷയങ്ങളിലാണ് ഇരുവരും തമ്മിൽ തുറന്ന പോര് നടത്തിയത്. ഏറ്റവും ഒടുവിലായി സിദ്ദുവിന്റെ ഉപദേശകരെ ചൊല്ലിയാണ് തർക്കം മുറുകിയിരിക്കുന്നത്.
ഏറെകാലമായി നിലനിൽക്കുന്ന തർക്കം രാഹുൽ ഗാന്ധിയും പ്രിയങ്കയും ഇടപ്പെട്ട് രമ്യതയിലെത്തിച്ചിരുന്നു. സിദ്ദുവിനെ പാർട്ടി അധ്യക്ഷനാക്കുകയും ചെയ്തു. ഇതോടെ പഞ്ചാബിലെ പ്രതിസന്ധി തീർന്നുവെന്നായിരുന്നു ഹൈക്കമാൻഡ് കണക്കാക്കിയിരുന്നത്. എന്നാൽ അടിക്ക് ഒരു ശമനവുമില്ലെന്നായിരുന്നു പിന്നീടുള്ള പ്രതികരണങ്ങൾ.
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്തെ കോൺഗ്രസിന്റെ 78 എംഎൽഎമാരിൽ 32 പേരുടെ സംഘം അമരീന്ദർ സിങിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. സിദ്ദുവാണ് അവരുടെ നേതാവെന്ന് പറയുന്നുണ്ടെങ്കിലും അമരീന്ദറിന് പകരം ആരെ മുഖ്യമന്ത്രിയാക്കണമെന്ന് എംഎൽഎമാർ നിർദേശിച്ചിട്ടില്ല എന്നതും കൗതുകരമാണ്.
എന്നാൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അമരീന്ദർ സിങ് തന്നെ നേതൃത്വം നൽകുമെന്ന് പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് വ്യക്തമാക്കുകയുണ്ടായി.
കശ്മീർ സംബന്ധിച്ച് വിവാദ പ്രസ്താവന നടത്തിയ സിദ്ദുവിന്റെ ഉപദേശകരിലൊരാളായ മൽവീന്ദർ സിങ് മാലിയെ നീക്കം ചെയ്യണമെന്ന ആവശ്യത്തിന് പിന്നാലെയാണ് അമരീന്ദറിനെ മാറ്റണമെന്ന ആവശ്യം ഒരു വിഭാഗം എംഎൽഎമാർ ഉന്നയിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി അമരീന്ദറിനെ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം.
ഛത്തീസ്ഗഢിൽ ഭൂപേഷ് ബാഘേൽ- ടി.എസ്. സിങ്ദേവ്
തുടർച്ചയായി മൂന്ന് തവണ അധികാരത്തിലിരുന്ന ബിജെപിക്ക് കനത്ത ആഘാതം നൽകിയാണ് 2018-ൽ ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരം പിടിച്ചത്. പാർട്ടി അധ്യക്ഷനായിരുന്നു ഭൂപേഷ് ബാഘേലിനെയാണ് കോൺഗ്രസ് മുഖ്യമന്ത്രിയാക്കിയത്. രണ്ടര വർഷത്തിന് ശേഷം മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് രാഹുൽ ഗന്ധി വാഗ്ദ്ധാനം നൽകിയിരുന്നുവെന്നാണ് സംസ്ഥാന ആരോഗ്യ മന്ത്രി ടി.എസ്.സി്ങ് ദേവിന്റെ വാദമാണ് ഇപ്പോൾ പൊട്ടിത്തെറിയിലെത്തിച്ചിരിക്കുന്നത്.
ഭൂപേഷ് ബാഘേലും ടി.എസ്. സിങ്ദേവും കഴിഞ്ഞ ദിവസം ഡൽഹിയിലെത്തി. തന്നെ അനുകൂലിക്കുന്ന അമ്പതോളം എംഎൽഎമാരുമായിട്ടാണ് ബാഘേൽ തലസ്ഥാനത്തെത്തിയത്. രാഹുലിനേയും പ്രിയങ്കയേയും കണ്ട് ശേഷം അദ്ദേഹം മടങ്ങുകയും ചെയ്തു.
എന്നാൽ രാഹുലിനെ കാണാൻ ചൊവ്വാഴ്ച ഡൽഹിയിലെത്തിയ സിങ്ദേവ് റായ്പുരിലേക്ക് മടങ്ങിയിട്ടില്ല. അന്തിമതീരുമാനമുണ്ടായാൽ മാത്രമേ അദ്ദേഹം നാട്ടിൽ തിരിച്ചെത്തുകയുള്ളൂവെന്ന് അനുകൂലിക്കുന്ന നേതാക്കൾ പറഞ്ഞു. കോൺഗ്രസിന്റെ 70 എം.എൽ.എ.മാരിൽ 55 പേരും ബാഘേലിനൊപ്പമാണെന്നാണ് സൂചന. റായ്പുരിൽ സിങ്ദേവ് പക്ഷക്കാരും പ്രകടനം നടത്തി.
2013-18 കാലയളവിൽ പ്രതിപക്ഷ നേതാവായിരുന്നു സിങ്ദേവ്. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ അധികാരം പിടിച്ചപ്പോൾ സിങ്ദേവ് മുഖ്യമന്ത്രിയാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പാർട്ടി അധികാരത്തിലെത്തുന്നതിന് നേതൃപരമായ പങ്കുവഹിച്ച ഭൂപേഷ് ബാഘേലിന് ഹൈക്കമാൻഡിന്റെ നറുക്ക് വീഴുകയായിരുന്നു.
എന്നാൽ കോൺഗ്രസ് നേതൃത്വം രണ്ടര വർഷത്തിന് ശേഷം സിങ്ദേവിന് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായി തനിക്കറിയില്ലെന്നാണ് ബാഘേൽ പറയുന്നത്. മുഖ്യമന്ത്രി പദം വച്ചുമാറണമെന്ന ധാരണ ഉണ്ടായിട്ടില്ലെന്ന് രാഹുലുമായുള്ള ചർച്ചയ്ക്ക്ശേഷം ബാഘേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
എന്നാൽ ബാഘേൽ ഒഴിഞ്ഞുകൊടുക്കാൻ തയ്യാറല്ലാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ വാഗ്ദാനം എങ്ങനെ നടപ്പാക്കുമെന്ന പ്രതിസന്ധിയിലാണ് കോൺഗ്രസ്. സോണിയ ഗാന്ധിയുമായി ആലോചിച്ച് രാഹുൽ ഗാന്ധി അന്തിമ തീരുമാനമെടുക്കുമെന്നാണ് ഏറ്റവും ഒടുവിലെ റിപ്പോർട്ട്.
രാജസ്ഥാനിൽ ഗെഹ്ലോത്-സച്ചിൻ പൈലറ്റ്
രാജസ്ഥാനത്തിലെ പടലപ്പിണക്കത്തിന് മൂന്നുവർഷത്തിലേറെ പഴക്കമുണ്ട്. 2018-ൽ ബിജെപിയിൽ നിന്ന് അധികാരം പിടിച്ച കോൺഗ്രസ് അശോക് ഗെഹ്ലോതിനെ മുഖ്യമന്ത്രിയായും സച്ചിൻ പൈലറ്റിനെ ഉപമുഖ്യമന്ത്രിയായും അവരോധിച്ചു. രാഹുൽ ഗാന്ധിക്ക് ഒരു പോലെ പ്രിയങ്കരരാണ് രണ്ടുപേരും. അതുകൊണ്ട് തന്നെ സച്ചിൻ പൈലറ്റ് തനിക്കുണ്ടാക്കുന്ന ഭീഷണി മുൻകൂട്ടി കണ്ടാണ് ഗെഹ്ലോത് ഓരോ നീക്കങ്ങളും നടത്തിയിരുന്നത്. കഴിഞ്ഞ വർഷം തന്നെ പിന്തുണക്കുന്ന എംഎംൽഎമാരേയും ഒപ്പം കൂട്ടി അജ്ഞാത കേന്ദ്രത്തിലിരുന്ന് സച്ചിൻ പൈലറ്റ് ഉയർത്തിയ വിമത ഭീഷണി ഗെഹ്ലോതിന് തന്ത്രപരമായി മറികടക്കാനായി.
മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ കമൽനാഥ് സർക്കാരിനെ വീഴ്ത്തിയതിന് സമാനമായ നീക്കമായിരുന്നു സച്ചിൻ പൈലറ്റിന്റേതും. വിമത നീക്കത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധി നൽകിയ ചില ഉറപ്പുകളുടെ പശ്ചാത്തലത്തിലാണ് സച്ചിൻ തിരിച്ചെത്തിയതെന്നും ഈ ഉറപ്പുകൾ ഗെഹ്ലോത് ഇതുവരെ പാലിക്കാൻ തയ്യാറായിട്ടില്ലെന്നതുമാണ് പുതിയ അസ്വരാസ്യങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്.
തന്റെ വിശ്വസ്തരെ സർക്കാരിലും പാർട്ടിയിലും മാന്യമായ രീതിയിൽ ഉൾപ്പെടുത്തിയില്ലെങ്കിൽ പുതിയൊരു പോരാട്ടത്തിന് സച്ചിൻ തയ്യാറെടുത്തിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. അശോക് ഗെഹ്ലോതിന്റെ സ്വന്തം മണ്ഡലമായ ജോധ്പുരിൽ കഴിഞ്ഞ ആഴ്ച പൈലറ്റ് ശക്തിപ്രകടനം നടത്തുകയും ചെയ്തു. തർക്കത്തിന് പരിഹാരമെന്നോണം സച്ചിൻ പൈലറ്റിനെ ദേശീയ നേതൃത്വത്തിലേക്ക് എത്തിക്കാനുള്ള നീക്കവും കോൺഗ്രസ് ഹൈക്കമാൻഡ് നടത്തിവരുന്നതായാണ് സൂചന