KSDLIVENEWS

Real news for everyone

വിട്ടുവീഴ്ച വേണ്ടെന്ന നിലപാടിൽ സുധാകരനും സതീശനും

SHARE THIS ON

തിരുവനന്തപുരം:പാർട്ടിയിൽ പുതിയ സമീപനം കൊണ്ടുവന്നെന്ന അവകാശവാദത്തിൽ ഉറച്ചുനിൽക്കുകയും അതാണ് ഇനിയുള്ള തങ്ങളുടെ രീതിയെന്ന്‌ പ്രഖ്യാപിക്കുകയുമാണ് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി. സതീശനും. എ-ഐ ഗ്രൂപ്പുകളിലുള്ളവരെ കൂടെനിർത്താനായതും യുവ നേതാക്കളുടെ പിന്തുണ ഉറപ്പാക്കാനായതും ശുഭലക്ഷണമായാണ് അവർ കാണുന്നത്. അതിനാൽ, ഇപ്പോഴത്തെ എതിർപ്പുകളിൽ വിട്ടുവീഴ്ചയോടെ അനുരഞ്ജനം വേണ്ടെന്നാണ്‌ തീരുമാനം.

മുതിർന്ന നേതാക്കളിൽനിന്നടക്കം നിർദേശങ്ങൾ സ്വീകരിക്കുകയും തീരുമാനം പൂർണമായി നേതൃതലത്തിൽ ഒതുക്കുകയും ചെയ്യുകയെന്നതാണ് സതീശനും സുധാകരനും സ്വീകരിക്കുന്ന രീതി. വർക്കിങ് പ്രസിഡന്റുമാരെക്കൂടി വിശ്വാസത്തിലെടുത്ത് തീരുമാനമെടുക്കാനായതും എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഇതിനൊപ്പം നിന്നതും ഇരുവർക്കും ആശ്വാസമായി. എ-ഐ ഗ്രൂപ്പുകളിലെ പ്രബല നേതാക്കൾ ഗ്രൂപ്പ് ബോധത്തിൽനിന്ന് പുറത്തുകടന്ന് പിന്തുണച്ചതും ബലമായി.


താഴെത്തട്ടത്തിൽവരെ ഗ്രൂപ്പടിസ്ഥാനത്തിൽ കേന്ദ്രീകരിക്കുന്ന പ്രവർത്തന രീതിയാണ് കോൺഗ്രസിനുള്ളത്. സ്വന്തം അണികളുള്ള നേതാക്കളാണ് ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും. അതിനാൽ, അവരെ അവഗണിച്ചെന്ന തോന്നൽ മാറ്റാതെ കർക്കശ നിലപാടിലൂടെ സംഘടനയെ ശക്തിപ്പെടുത്താനാകുമോയെന്നത് ഇനിയുള്ള ദിനങ്ങളാണ് തെളിയിക്കുക.

ഇപ്പോഴത്തെ പ്രതിഷേധങ്ങളടങ്ങുമ്പോൾ കെ.പി.സി.സി.-ഡി.സി.സി. ഭാരവാഹികളെ നിശ്ചയിക്കാനുള്ള നടപടിയിലേക്ക്‌ കടക്കാനാണ്‌ തീരുമാനം. ഇതിലും ‘മെറിറ്റ്’ ഗ്രൂപ്പാകില്ല എന്ന്‌ പ്രഖ്യാപിച്ചിട്ടുണ്ട്. ഗ്രൂപ്പുകളുടെ അതിപ്രസരം നിലനിൽക്കുന്ന രണ്ടാംതട്ടിലേക്ക് പുനഃസംഘടന കടക്കുമ്പോൾ അത് കൂടുതൽ ദുഷ്കരമാകാനാണ്‌ സാധ്യത. അല്ലെങ്കിൽ ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരെ വിശ്വാസത്തിലെടുക്കാനാകണം. അതിന്, ഇപ്പോഴത്തെ സ്ഥിതിയിൽ ഹൈക്കമാൻഡ് ഇടപെടൽ വേണ്ടിവരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!