KSDLIVENEWS

Real news for everyone

നാട്ടുകാർ ഒരുമയോടെ കൈകോർത്തു, ഒരുങ്ങിയത് മനോഹരമായ അങ്കണവാടി കെട്ടിടം

SHARE THIS ON

ബേക്കൽ ∙ നാട്ടുകാർ ഒരുമയോടെ കൈകോർത്തപ്പോൾ ഒരുങ്ങിയത് മനോഹരമായ അങ്കണവാടി കെട്ടിടം. പള്ളിക്കര പഞ്ചായത്തിലെ ശക്തിനഗർ അഗസറ ഹൊളെ അങ്കണവാടിക്കായി നാട്ടുകാരുടെ സഹായത്തോടെ ആണു കെട്ടിടം നിർമിച്ചത്. നാടിന്റെ കൂട്ടായ പ്രയത്നത്തിലൂടെ നിർമാണ പ്രവൃത്തി ഏറ്റെടുത്ത് 6 മാസത്തിനുള്ളിൽ കെട്ടിടം പൂർത്തിയാക്കി. 3 സെന്റ് സ്ഥലം മാത്രമായിരുന്നു ആവശ്യം. എന്നാൽ കുട്ടികൾക്ക് കളിക്കാനും റോഡിനും വേണ്ടി ആറര സെന്റ് സ്ഥലമാണു 8 ലക്ഷം രൂപ കൊടുത്തു വാങ്ങാൻ ശക്തിനഗറിലെ നാട്ടുകാരുടെ കൂട്ടായ്മ തീരുമാനിച്ചത്.

സ്ഥലം വാങ്ങിയതോടെ കെട്ടിടം നിർമിക്കാൻ അനുമതിയായി. നിർമാണ ചുമതലയും നാട്ടുകാർ തന്നെ ഏറ്റെടുത്തു. കഴിഞ്ഞ നവംബർ 1ന് അന്നത്തെ എംഎൽഎ ആയിരുന്ന കെ.കുഞ്ഞിരാമൻ ആണു ശിലാസ്ഥാപനം നടത്തിയത്. അതിനു ശേഷം നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും നിർമാണ പ്രവൃത്തിയിലും സാമ്പത്തികമായും സഹായിച്ചു. പണി പൂർത്തിയായി എങ്കിലും കോവിഡിന്റെ രണ്ടാം വരവിനെത്തുടർന്നു ഉദ്ഘാടനം വൈകി.  എങ്കിലും അങ്കണവാടിക്കു സ്വന്തം കെട്ടിടമായതിന്റെ സന്തോഷത്തിലാണു നാട്ടുകാർ.

വാടക കെട്ടിടത്തിലുള്ള അങ്കണവാടികൾ സ്വന്തം കെട്ടിത്തിലേക്ക് മാറണമെന്നു സർക്കാർ നിർദേശിച്ചിരുന്നു. തുടർന്നു സ്ഥലം കണ്ടെത്താനായി മണികണ്ഠൻ അത്തിക്കാൽ ചെയർമാനും കെ.മഹേഷ്കുമാർ കൺവീനറുമായുള്ള കമ്മിറ്റി രൂപീകരിക്കുകയായിരുന്നു. യുവജന സംഘം ക്ലബ്ബിന്റെ ഓടിട്ട വാടക കെട്ടിടത്തിൽ 25 വർഷത്തിലധികമായി അങ്കണവാടി പ്രവർത്തിക്കുകയായിരുന്നു. പള്ളിക്കര പഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ചാണു കെട്ടിടം നിർമിച്ചത്. നാളെ രാവിലെ 10നു സി.എച്ച്.കുഞ്ഞമ്പു എംഎൽഎ കെട്ടിടം ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!