കെ എ സ് ആർടിസി കൂടുതൽ സർവീസ് റദ്ദാകുന്നു; യാത്രാ ദുരിതത്തിൽ കാസർകോട് ജില്ല

കാസർകോട് ∙ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ റദ്ദാകുന്നതു ജില്ലയിൽ യാത്രാദുരിതം സൃഷ്ടിക്കുന്നു. ശനിയാഴ്ച കാസർകോട് ഡിപ്പോയിൽ നിന്ന് 9 സർവീസുകളാണു മുടങ്ങിയത്. മംഗളൂരു, കണ്ണൂർ, പഞ്ചിക്കൽ, അഡ്ക്കസ്ഥല റൂട്ടുകളിലായി 74 ട്രിപ് സർവീസ് നടന്നില്ല. ആവശ്യമായ ഡ്രൈവർമാർ ഇല്ലാത്തതാണു കാരണം. 67 സർവീസുകളാണ് ഈ ഡിപ്പോയിൽ നിന്നുള്ളത്. 58 സർവീസുകളാണ് ശനിയാഴ്‌ച ഓടിയത്. ഇന്നും കൂടുതൽ സർവീസുകൾ നിലച്ചേക്കും. നിലവിലുള്ള ഡ്രൈവർമാർ ഓഫും അവധിയും എടുക്കാൻ കഴിയാതെ ഓവർടൈം ജോലിയാണു ചെയ്യുന്നത്.
കാഞ്ഞങ്ങാട് ഡിപ്പോയിൽ 57 ബസ് ഉണ്ടെങ്കിലും 37 എണ്ണം മാത്രമാണ് ഓടുന്നത്. കാലപ്പഴക്കം കാരണം 20 ബസുകൾ അവിടെ ഒഴിവാക്കിയിരുന്നു. കാസർകോട് ഡിപ്പോയിൽ കെഎസ്ആർടിസിയെ കൂടുതൽ ആശ്രയിക്കുന്ന മംഗളൂരു, കണ്ണൂർ, ചന്ദ്രഗിരിപ്പാലം – കാഞ്ഞങ്ങാട് റൂട്ടുകളിലാണു യാത്രാക്ലേശം രൂക്ഷമായത്. കാസർകോട് ഡിപ്പോയിൽ ഡ്രൈവർമാരുടെ 142 തസ്തികയുണ്ട്. അതിൽ 132 പേർ മാത്രമാണുള്ളത്. എന്നാൽ ഇതിൽ ഹൃദയ സംബന്ധമായ അസുഖമുള്ള 3 പേർ സെക്യൂരിറ്റി ഉൾപ്പെടെയുള്ള ഡ്യൂട്ടിയിലാണ്. മറ്റ് 7 പേർ കോവിഡ് ചികിത്സയിലുമാണ്.
കാസർകോട് ഒഴികെയുള്ള പല ഡിപ്പോകളിലും ഡ്യൂട്ടി കിട്ടാതെ സ്റ്റാൻഡ് ബൈ ആയി ഒട്ടേറെ ഡ്രൈവർമാരുണ്ട്. അവരിൽ പലരും കാസർകോട് ഡ്യൂട്ടി എടുക്കാൻ താല്പര്യം അറിയിച്ചിട്ടും കോർപറേഷൻ അനുമതി നൽകുന്നില്ലെന്നാണു ജീവനക്കാർ പറയുന്നത്. കോഴിക്കോട് മേഖലയിൽ കോർപറേഷനു യാത്രാ ടിക്കറ്റ് വരുമാനം ഉണ്ടാക്കുന്നതിൽ കാസർകോട് ഒന്നാം സ്ഥാനത്താണ്. സർവീസുകൾ മുടങ്ങിയാൽ വരുമാനവും കുറയും.