അഫ്ഗാനിലെ സ്ഥിതി മാറി, എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണം- യുഎസിനോട് ചൈന

ബെയ്ജിങ്: അഫ്ഗാനിസ്താനിലെ സ്ഥിതി അടിസ്ഥാനപരമായ മാറ്റത്തിന് വിധേയമായിട്ടുണ്ടെന്നും അതുകൊണ്ടുതന്നെ എല്ലാവരും താലിബാനുമായി ബന്ധം സ്ഥാപിക്കണമെന്നും യുഎസിനോട് ചൈന. അഫ്ഗാനിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നത് തീവ്രവാദ ഗ്രൂപ്പുകളുടെ പുനരുജ്ജീവനത്തിന് അവസരം നൽകുമെന്നും ചൈന ആവർത്തിച്ചു. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി ടെലിഫോണിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്. അഫ്ഗാനിൽ നിന്ന് യുഎസ് സേനയുടെ പിൻമാറ്റത്തിനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിക്കാനിരിക്കെ അവിടുത്തെ സ്ഥിതിഗതികളും ഒഴിപ്പിക്കലും സംബന്ധിച്ചാണ് ഇരു രാജ്യങ്ങളും ചർച്ച ചെയ്തത്. ‘അഫ്ഗാനിലെ സ്ഥിതിഗതികൾ അടിസ്ഥാനപരമായി മാറ്റത്തിന് വിധേയമായിട്ടുണ്ട്. എല്ലാ കക്ഷികളും താലിബാനുമായി ബന്ധം സ്ഥാപിക്കുന്നത് അനിവാര്യമാണ്. ഇത് സജീവമായി തന്നെ മുന്നോട്ട് പോകേണ്ടതുണ്ട്’, വിദേശകാര്യ മന്ത്രി പറഞ്ഞതായി ചൈനീസ് സർക്കാരിന്റെ നിയന്ത്രണത്തിലുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. യുഎസും ചൈനയും തമ്മിലുള്ള പിരിമുറുക്കങ്ങൾ സംബന്ധിച്ച് ഉഭയകക്ഷി ചർച്ചയും നടന്നു. അഫ്ഗാനിസ്താന് അടിയന്തിരമായി ആവശ്യമായ സാമ്പത്തിക, ഉപജീവനമാർഗവും മാനുഷിക സഹായവും നൽകാൻ അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് പ്രവർത്തിക്കേണ്ടതുണ്ട്. പുതിയ അഫ്ഗാൻ രാഷ്ട്രീയ ഘടന, സർക്കാർ സ്ഥാപനങ്ങളുടെ സാധാരണ പ്രവർത്തനം നിലനിർത്തുക, സാമൂഹിക സുരക്ഷയും സ്ഥിരതയും നിലനിർത്തുക, കറൻസി മൂല്യത്തകർച്ച തടയുക, വിലക്കയറ്റം തടയുക, നേരത്തെമുതലുള്ള സമാധാനപരമായ പുനർനിർമ്മാണ പ്രവൃത്തികൾ തുടരുക തുടങ്ങിയ കാര്യങ്ങൾക്കായി യുഎസും അന്താരാഷ്ട്ര സമൂഹവും ചേർന്ന് പ്രവർത്തിക്കണമെന്ന് വാങ് പറഞ്ഞു. തീവ്രവാദ ശക്തികളെ ഇല്ലാതാക്കുക എന്ന ലക്ഷ്യം കൈവരിക്കാൻ അഫ്ഗാൻ യുദ്ധത്തിന് സാധിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന വസ്തുതകളാണ് മുന്നിലുള്ളത്. യുഎസ്-നാറ്റോ സഖ്യം തിടുക്കത്തിൽ പിൻവാങ്ങുന്നത് അഫ്ഗാനിലെ വിവിധ തീവ്രവാദ ഗ്രൂപ്പുകൾ വീണ്ടും സജീവമാകാനുള്ള അവസരമൊരുക്കുമെന്നും വാങ് ബ്ലിങ്കനെ അറിയിച്ചു. അഫ്ഗാനിസ്താന്റെ പരമാധികാരത്തെയും സ്വാതന്ത്ര്യത്തെയും ബഹുമാനിച്ചുകൊണ്ടുതന്നെ ഭീകരതയെയും അക്രമത്തെയും ചെറുക്കാൻ സഹായിക്കുന്നതിനുള്ള മൂർച്ചയുള്ള നടപടികൾ സ്വീകരിക്കണമെന്ന് വാങ് യുഎസിനോട് ആവശ്യപ്പെടുകയും ചെയ്തു. അഫ്ഗാനിസ്താനിലെ ചൈനീസ് സ്ഥാനപതി താലിബാൻ നേതാക്കളുമായി കഴിഞ്ഞ ദിവസം ആദ്യ നയതന്ത്ര ചർച്ചകൾ നടത്തിയിരുന്നു. ചൈനക്ക് പിന്നാലെ റഷ്യയും പാകിസ്താനും കാബൂളിലെ എംബസികൾ തുറന്നിട്ടുണ്ട്.