എറിഞ്ഞൊതുക്കി, അടിച്ച് വീഴ്ത്തി; ബാംഗ്ലൂരിനെതിരെ കൊല്‍ക്കത്തയ്ക്ക് അനായാസ ജയം

അബുദാബി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് അനായാസ വിജയം. 93 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത 10 ഓവറിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. ചെറിയ വിജയലക്ഷ്യത്തിലേക്ക് ഒരു സമ്മർദ്ദവുമില്ലാതെയാണ് കൊൽക്കത്തയുടെ ഓപ്പണർമാർ ബാറ്റ് വീശിയത്. ശുഭ്മാൻ ഗിൽ 48(34) മാത്രമാണ് പുറത്തായത്. വെങ്കിടേഷ് അയ്യർ 41*(27), ആന്ദ്രെ റസൽ 0*(0) എന്നിവർ പുറത്താകാതെ നിന്നു. യുസ്വേന്ദ്ര ചഹാലാണ് ഗില്ലിനെ പുറത്താക്കിയത്.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂരിന് 19 ഓവറിൽ 92 റൺസ് മാത്രമേ നേടാനായുള്ളു. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ വരുൺ ചക്രവർത്തി, ആന്ദ്രെ റസൽ എന്നിവരാണ് പേരുകേട്ട ബാംഗ്ലൂർ ബാറ്റിങ് നിരയെ എറിഞ്ഞൊതുക്കിയത്. കോലി 5(4), മാക്സ്വെൽ 10(17), ഡിവില്ലിയേഴ്സ് 0(1) എന്നീ സൂപ്പർ താരങ്ങൾ നിരാശപ്പെടുത്തി.
22 റൺസ് നേടിയ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് ബാംഗ്ലൂർ നിരയിലെ ടോപ്സ്കോറർ. മറ്റൊരു മലയാളി താരം സച്ചിൻ ബേബിയും ടീമിലുണ്ടായിരുന്നെങ്കിലും 17 പന്തിൽ 7 റൺസ് മാത്രമേ നേടാനായുള്ളു. സീസണിലെ മൂന്നാം ജയത്തോടെ കൊൽക്കത്തയ്ക്ക് എട്ട് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റ് ആയി. പട്ടികയിൽ അഞ്ചാമതാണ് അവർ. തോറ്റെങ്കിലും എട്ട് കളികളിൽ നിന്ന് പത്ത് പോയിന്റുള്ള ബാംഗ്ലൂർ മൂന്നാം സ്ഥാനത്ത് തുടരുന്നു.

