KSDLIVENEWS

Real news for everyone

കോവിഡ് വാക്സീൻ: ആദ്യ ഡോസ് സ്വീകരിച്ചത് 94.47%

SHARE THIS ON

കാസർകോട് ∙ ജില്ലയിൽ കോവിഡ് വാക‍്സിനേഷൻ തുടങ്ങി 9 മാസത്തിനുള്ളിൽ 18 വയസ്സിനു മുകളിലുള്ള എല്ലാ വിഭാഗത്തിലേയും 94.47% പേർ ആദ്യ ഡോസ് വാക‍്സീൻ സ്വീകരിച്ചതായി കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് അറിയിച്ചു.

വാക‍്സിനേഷൻ 95% കടക്കുന്നതു വഴി കോവിഡിനെതിരെ ആർജിത പ്രതിരോധ ശേഷി കൈവരിക്കാൻ കഴിയുമെന്നതിനാൽ 18നും 44നും ഇടയിൽ പ്രായമുള്ളവരിൽ ആദ്യഡോസ് വാക‍്സിനേഷൻ വേഗത്തിൽ പൂർത്തീകരിക്കുന്നതിനാണു ജില്ലാ ഭരണകൂടവും ആരോഗ്യവകുപ്പും ലക്ഷ്യമിടുന്നതെന്നു കലക്ടർ പറഞ്ഞു.

അതിഥി തൊഴിലാളികളായ 9502 പേരിൽ 9217 പേരും(97.82%) പട്ടിക വർഗ മേഖലയിൽ 59757 പേരിൽ 57567പേരും(97.2%) പാലിയേറ്റീവ് രോഗികളിൽ 96.54% പേരും വാക‍്സീൻ സ്വീകരിച്ചു. എന്നാൽ 18 മുതൽ 44 വയസ്സ് വരെ പ്രായമുള്ളവരിൽ 5,58,934 പേരാണു പ്രതിരോധ കുത്തിവയ്പ് എടുത്തത്.

വാക്സീൻ എടുത്തവരും ജാഗ്രത കൈവിടരുത്

2 ഡോസ് വാക്‌സീൻ സ്വീകരിച്ചവരിൽ കോവിഡ് പോസിറ്റീവ് ആയവർ ശതമാന കണക്കിൽ സംസ്ഥാനത്തു മുന്നിൽ കാസർകോട്. 18നും 44നും ഇടയിൽ പ്രായമുള്ളവരിൽ 884 പേർക്കും 45നും 60നും ഇടയിലുള്ള 1229 പേർക്കും 60 വയസ്സിന് മുകളിൽ 758 പേർക്കും 2 ഡോസ് വാക്‌സീൻ സ്വീകരിച്ച ശേഷവും കോവിഡ് സ്ഥിരീകരിച്ചു.

അതിനാൽ വാക്‌സീൻ എടുത്തവരും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം ഉൾപ്പെടെയുള്ള കോവിഡ് പ്രതിരോധ മാർഗ നിർദേശങ്ങളിൽ വീഴ്ച വരാതെ ശ്രദ്ധിക്കണമെന്നും വിമുഖതയും കൂടാതെ വാക്‌സിനേഷൻ യജ്ഞത്തിൽ പങ്കാളികളാകണമെന്നും കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ്, ജില്ലാ ഇൻഫർമേഷൻ ഓഫിസർ എം.മധുസൂദനൻ, ജില്ലാ എജ്യുക്കേഷൻ ആൻഡ് മീഡിയ ഓഫിസർ(ആരോഗ്യം) അബ്ദുൾ ലത്തീഫ് മഠത്തിൽ എന്നിവർ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!