സൗഹൃദവലയത്തിൽ പൊലീസ് ഉന്നതർ, വിശ്വാസം നേടാൻ എംപി; ഡൽഹിയിലും പിടി

തിരുവനന്തപുരം∙ കോടികളുടെ പുരാവസ്തു തട്ടിപ്പു കേസിൽ കൊച്ചിയിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ സൗഹൃദ വലയത്തിൽ സംസ്ഥാന പൊലീസിലെ ഉന്നതരും. 10 കോടി രൂപ നഷ്ടമായവർ മുഖ്യമന്ത്രിക്കു നൽകിയ പരാതി പൊലീസിൽ ഒരു വിഭാഗം അട്ടിമറിച്ചു. പരാതിയിൽ ലോക്കൽ പൊലീസ് അന്വേഷണം തുടങ്ങിയതു ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്ത ശേഷം ഇന്നലെ മാത്രമാണ്.
പ്രതി അറസ്റ്റിലാകുമ്പോൾ വീട്ടിൽ അതിഥികളായി ഉണ്ടായിരുന്നത് ആലപ്പുഴ ജില്ലയിലെ രണ്ടു പൊലീസ് ഇൻസ്പെക്ടർമാർ. പ്രതിയുമായി ബന്ധം പുലർത്തിയ മുഴുവൻ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തം അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിനോടു മുഖ്യമന്ത്രി നിർദേശിച്ചു.
പ്രതിക്കെതിരെ മുൻപ് ഇന്റലിജൻസ് ബ്യൂറോ അന്വേഷണം നടത്തിയിരുന്നെന്നും അതിന്റെ ഭാഗമായി മുൻ സംസ്ഥാന പൊലീസ് മേധാവി ഉൾപ്പെടെ ഒരു ഡസൻ പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിരുന്നുവെന്നും ക്രൈംബ്രാഞ്ചിനു വിവരം ലഭിച്ചു. പന്തളത്തെ ഒരു ബിസിനസ് ഗ്രൂപ്പിന്റെ പരാതിയെത്തുടർന്നു പൊലീസ് രഹസ്യാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ പൊലീസിലെ ചിലർ തന്നെ ചോർത്തിക്കൊടുത്തതായും കണ്ടെത്തി. ഈ അന്വേഷണം പൊലീസിലെ ഉന്നതർ അട്ടിമറിച്ചുവെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
വിദേശത്തേക്കു പുരാവസ്തുക്കൾ കയറ്റുമതി ചെയ്ത വകയിൽ കിട്ടാനുള്ള കോടിക്കണക്കിനു രൂപ കേന്ദ്ര സർക്കാർ തടഞ്ഞു വച്ചിരിക്കുകയാണെന്നും ഇതു വിട്ടുകിട്ടാൻ സാമ്പത്തിക സഹായം ചെയ്താൽ മ്യൂസിയം പദ്ധതിയിൽ പങ്കാളികളാക്കാമെന്നും പറഞ്ഞാണു മോൻസൻ മാവുങ്കൽ 10 കോടി രൂപ തട്ടിയത്. പണം തിരികെ ചോദിച്ചപ്പോൾ വിശ്വസിപ്പിക്കാൻ പൊലീസ് ഉന്നതരുടെ സൗഹൃദം മറയാക്കി. ഒരു ഡിഐജി കുടുംബസമേതം മോൻസനെ സ്ഥിരമായി സന്ദർശിച്ചിരുന്നു.
തടഞ്ഞു വച്ചിരിക്കുന്ന പണം തിരികെ കിട്ടാനെന്ന പേരിൽ സംസ്ഥാന രാഷ്ട്രീയത്തിലെ പ്രമുഖ നേതാവായ എംപിയുടെ സഹായം തേടി. ഈ എംപിയെ വീട്ടിൽ വിളിച്ചു വരുത്തി, പണം തിരികെ കൊടുക്കാനുള്ളവർക്കു പരിചയപ്പെടുത്തി അവരുടെ വിശ്വാസം പിടിച്ചുപറ്റി. ഡൽഹിയിൽ തനിക്കു വേണ്ടി കാര്യങ്ങൾ നീക്കുന്നതു ഡൽഹി മുഖ്യമന്ത്രിക്കു സാമ്പത്തിക സഹായം ചെയ്യുന്ന വ്യവസായിയാണെന്നും ധരിപ്പിച്ചു.
തെക്കൻ ജില്ലയിലെ ഒരു എംപി, മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ, ഈയിടെ കേരള പൊലീസിൽ നിന്നു ഡപ്യൂട്ടേഷനായി കർണാടകയിലേക്കു പോയ യുവ ഐപിഎസ് ഉദ്യോഗസ്ഥൻ, ബ്രോ എന്ന പേരിൽ പ്രശസ്തനായ ഐഎഎസ് ഉദ്യോഗസ്ഥൻ എന്നിവരെല്ലാം തന്റെ അടുത്തയാളുകളാണെന്നാണ് ഇടപാടുകാരോടു പറഞ്ഞിരുന്നത്.

