മോന്‍സണെതിരെ കൂടുതൽ പരാതികൾ: കാപ്പിത്തോട്ടം നൽകാമെന്നു പറഞ്ഞുള്ള തട്ടിപ്പിൽ വീണ്ടും അറസ്റ്റ്

തൃപ്പൂണിത്തുറ:മധ്യപ്രദേശ് സർക്കാരിന്റെ കീഴിൽ വയനാട്ടിലുള്ള 500 ഏക്കർ കാപ്പിത്തോട്ടം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞും മോൺസൺ വൻ തട്ടിപ്പ് നടത്തിയതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ഈ കേസിലും ഇയാളെ അറസ്റ്റുചെയ്തു. കാക്കനാടുള്ള ജയിലിലെത്തിയാണ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് രേഖപ്പെടുത്തിയത്.
പത്തനംതിട്ട സ്വദേശി രാജീവിൽനിന്ന് 1.62 കോടി രൂപ തട്ടിയെടുത്തതായുള്ള പരാതിയിലാണ് നടപടി. വയനാട്ടിൽ മധ്യപ്രദേശ് സർക്കാരിന് 500 ഏക്കർ കാപ്പിത്തോട്ടം ഉണ്ട്. ഒരു മധ്യപ്രദേശ് വനിതയുടേതായിരുന്ന ഈ സ്ഥലം അവർ മരണപ്പെട്ടപ്പോൾ അവകാശികൾ ഇല്ലാത്തതിനാൽ മധ്യപ്രദേശ് സർക്കാരിൽ വന്നുചേർന്നതാണ്. ഈ സ്ഥലം ലീസിന് വാങ്ങിക്കൊടുക്കാമെന്നു പറഞ്ഞാണ് രാജീവിൽനിന്ന് മോൺസൺ 1.62 കോടി രൂപ തട്ടിയതെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞു.
പന്തളം ശ്രീവത്സം ഗ്രൂപ്പ് ഉടമയും പരാതിയുമായി എത്തി. 6.27 കോടി രൂപയുടെ തട്ടിപ്പിനിരയായി എന്നാണ് ഇവരുടെ പരാതി. ബാങ്കിൽ പണം എത്തിയതിന്റെ രേഖകൾ കാണിച്ചാണ് തുക തട്ടിച്ചത്. യു.എ.ഇ. രാജകുടുംബത്തിന് പുരാവസ്തു വിറ്റവകയിൽ എത്തിയ പണമാണെന്നാണ് വിശ്വസിപ്പിച്ചത്.
മോൺസന്റെ മുംബൈ ബന്ധം
മുംബൈയിൽ ഒട്ടേറെ സുഹൃത്തുക്കളുണ്ട് എന്നാണ് പരാതിക്കാരോട് മോൺസൺ പറഞ്ഞിരുന്നത്. ഇവിടെ ഒരാളെ വെടിവെച്ചുകൊന്ന് മെട്രോയുടെ പില്ലറിൽ കൊണ്ടിട്ടെന്നതടക്കമുള്ള ചില കഥകളും ഇയാൾ പരാതിക്കാരോട് പറഞ്ഞിരുന്നു. ബെഡ്‌റൂമിലെ ഷെൽഫിലിരുന്ന മൂന്നു തോക്കുകളും ഇയാൾ പരാതിക്കാരെ കാണിച്ചു.

