KSDLIVENEWS

Real news for everyone

മോണ്‍സന്‍ പോലീസുകാര്‍ക്ക് ലക്ഷങ്ങള്‍ നല്‍കിയതിന് സാക്ഷി- മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍

SHARE THIS ON

കൊച്ചി: സാമ്പത്തിക ഇടപാടുകൾക്കായി മോൺസൻ മാവുങ്കൽ തന്റെ ജീവനക്കാരുടെ അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നുവെന്ന് മുൻ ഡ്രൈവർ അജിത്തിന്റെ വെളിപ്പെടുത്തൽ. രണ്ടരക്കോടി രൂപ താനറിയാതെ തന്റെ അക്കൗണ്ടിൽ എത്തിയിരുന്നു. സമാനമായി പല ജീവനക്കാരുടേയും അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപ എത്തിയിരുന്നുവെന്നും അജിത്ത് മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

ശ്രീവത്സം ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ തന്റെ അക്കൗണ്ടിൽ പത്ത് ലക്ഷം രൂപ എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് എട്ട് മാസങ്ങൾക്ക് മുൻപ് താനും മോൺസണും തമ്മിൽ തെറ്റിയത്. മോൺസണുമായി തെറ്റിപ്പിരിഞ്ഞതിനു ശേഷം സമവായത്തിനു വേണ്ടി നിരവധി തവണ തന്നെ വിളിച്ചിരുന്നു. തന്റെ പേരിൽ കള്ളക്കേസ് വരെ ഉണ്ടാക്കി. തെറ്റിപ്പിരിഞ്ഞപ്പോൾ ഉടക്കാൻ നിൽക്കുന്നതെന്തിനാണ്, രവി പൂജാരിയുമായി ബന്ധമുള്ളയാളാണ് താൻ എന്നൊക്കെ മോൺസൻ പറഞ്ഞിട്ടുണ്ടെന്നും അജിത്ത് പറഞ്ഞു.null

പുരാവസ്തുക്കളുടെ പേരുപറഞ്ഞ് തട്ടിപ്പ് നടക്കുന്നുണ്ടെന്ന് തനിക്ക് അറിയില്ലായിരുന്നു. മ്യൂസിയം ഒരു കൗതുകത്തിന്റെ പുറത്ത് ഉണ്ടാക്കിയതാണെന്നായിരുന്നു താൻ കരുതിയിരുന്നത്. ഡിജിപി ലോക്നാഥ് ബെഹ്റ മ്യൂസിയത്തിൽ വന്നപ്പോൾ താൻ അവിടെ ഉണ്ടായിരുന്നു. കെ. സുധാകരൻ നിരവധി തവണ മ്യൂസിയത്തിൽ വന്നിട്ടുണ്ട്. എബിൻ എന്ന് പേരുള്ള സുധാകരന്റെ ജീവനക്കാരനാണ് അങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. വീട്ടിൽ ആര് വന്നാലും സമ്മാനങ്ങൾ കൊടുത്തുവിടുന്നത് മോൺസന്റെ പതിവായിരുന്നു. എസിപി ലാൽജിക്ക് മൂന്ന് ലക്ഷം രൂപ നൽകിയതിന് താൻ സാക്ഷിയാണെന്നും അജിത്ത് പറഞ്ഞു.

കള്ളക്കേസ് ഉണ്ടാക്കി കുടുക്കാൻ ശ്രമിക്കുന്നുവെന്ന് കാണിച്ച് അജിത്ത് നേരത്തെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന നടൻ ബാലയുടെ ശബ്ദരേഖയും നേരത്ത പുറത്തുവന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!