കിങ് ലയറി’ന് ജാമ്യമില്ല; മൂന്നുദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൺസൻ മാവുങ്കലിനെ മൂന്നുദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയാണ് കോടതി മൂന്നുദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
മോൺസൻ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇയാൾക്കെതിരേ ശേഖരിച്ച ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. തട്ടിപ്പിനായി എച്ച്.എസ്.ബി.സി. ബാങ്കിന്റെ പേരിലടക്കം ഇയാൾ വ്യാജരേഖകൾ നിർമിച്ചിരുന്നു. തുടർന്നാണ് പ്രതിയെ രണ്ടുദിവസത്തെ കസ്റ്റഡിയിൽവിട്ട് കോടതി ഉത്തരവിട്ടത്. താൻ നിരപരാധിയാണെന്നും തന്റെ അറസ്റ്റ് നിയമപരമല്ലെന്നും വാദിച്ചാണ് മോൺസൻ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ ഇത് കോടതി തള്ളുകയായിരുന്നു.
അതിനിടെ, മോൺസൻ മാവുങ്കലിന്റെ കലൂരിലെ വീട്ടിൽ വനംവകുപ്പും കസ്റ്റംസും ചൊവ്വാഴ്ച റെയ്ഡ് നടത്തി. മോൺസന്റെ ആഡംബരവാഹനങ്ങളുടെ വിവരങ്ങളാണ് കസ്റ്റംസ് പ്രധാനമായും ശേഖരിച്ചത്. പത്ത് വാഹനങ്ങൾ വിദേശ രജിസ്ട്രേഷനിലുള്ളതാണെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. ഇയാളുടെ പുരാവസ്തുശേഖരത്തെക്കുറിച്ചും കസ്റ്റംസ് പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞദിവസങ്ങളിൽ പുറത്തുവന്ന ചിത്രങ്ങളിൽ ആനക്കൊമ്പ് ഉൾപ്പെടെ കണ്ടതിനാലാണ് വനംവകുപ്പും ചൊവ്വാഴ്ച പരിശോധനക്കെത്തിയത്. വീട്ടിലെ പുരാവസ്തുക്കളെക്കുറിച്ച് വനംവകുപ്പും വിശദമായ പരിശോധനയാണ് നടത്തുന്നത്

