ഡൽഹി കലാപത്തിൽ പങ്കെന്ന് ആരോപണം : ജെ.എൻ.യു മുൻ വിദ്യാർത്ഥിയും ആക്ടിവിസ്റ്റുമായ ഉമർ ഖാലിദ് അറസ്റ്റ് ചെയ്തു

ന്യൂഡല്‍ഹി: പൗരത്വ നിയമഭേദഗതിയുടെ പശ്ചാത്തലത്തില്‍ വടക്ക് കിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് ജെ.എന്‍.യു മുന്‍ വിദ്യാര്‍ത്ഥിയും ആക്ടിവിസ്റ്റുമായ ഉമര്‍ ഖാലിദ് അറസ്റ്റില്‍. കലാപത്തില്‍ പങ്കുണ്ടെന്ന് കാട്ടി ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്ലാണ് ഉമറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. യു.എ.പി.എ നിയമപ്രകാരമാണ് ഉമറിന് മേല്‍ കുറ്റം ചാര്‍ത്തപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരി മാസമുണ്ടായ കലാപത്തിന് പിന്നില്‍ ഉമര്‍ പ്രേരണാ ശക്തിയായി പ്രവര്‍ത്തിച്ചുവെന്നും ഡല്‍ഹി പൊലീസ് പറയുന്നുണ്ട്. ഡല്‍ഹി കലാപത്തിന് പിന്നില്‍ നടന്ന ഗൂഢാലോചനയില്‍ പങ്കെടുത്തവരില്‍ പ്രമുഖനാണ് ഉമര്‍ ഖാലിദെന്നും പൊലീസ് പറയുന്നു. കലാപവുമായി ബന്ധപ്പെട്ട കേസില്‍ ചോദ്യം ചെയ്യലിനായി ഡല്‍ഹി പൊലീസ് ഉമറിനെ വിളിച്ചുവരുത്തിയിരുന്നു. ഞായറാഴ്ച നടന്ന മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കലാപവുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ മുന്‍ ആം ആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈനുമായി ഉമറിന് ബന്ധമുണ്ടെന്നും കലാപം നടക്കുന്നതിന് ഒരു മാസം മുന്‍പ് ഇവര്‍ രണ്ടുപേരും, ഷഹീന്‍ ബാഗിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച, ‘യുണൈറ്റ് എഗെന്‍സ്റ്റ് ഹെയ്റ്റ്’ സ്ഥാപകനായ ഖാലിദ് സൈഫിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും ഡല്‍ഹി പൊലീസ് പറഞ്ഞു.

