KSDLIVENEWS

Real news for everyone

തിരുവനന്തപുരം സ്വദേശിയുടെ മരണം കൊലപാതകം; കൊല്ലം സ്വദേശി കസ്റ്റഡിയിൽ-

SHARE THIS ON

കാസർകോട് ∙ ടൈൽസ് തൊഴിലാളി തിരുവനന്തപുരം പാങ്ങോട് സ്വദേശി ബി.സജിത്തിന്റെ (28) മരണം കൊലപാതകമാണെന്നു തെളിഞ്ഞതായി പൊലീസ്. തളങ്കര നുസ്രത്ത് റോഡിലെ ആളൊഴിഞ്ഞ പറമ്പിലാണു സജിത്തിനെ തിങ്കളാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. രക്തം വാർന്നതാണു മരണം കാരണമെന്നാണു പോസ്റ്റ്മാർട്ടം റിപ്പോർട്ടെന്നും കേസിലെ പ്രധാന പ്രതിയെന്നു സംശയിക്കുന്ന കൊല്ലം സ്വദേശി ഉൾപ്പെടെ 3 പേർ കസ്റ്റഡിയിലുണ്ടെന്നും പൊലീസ് പറഞ്ഞു. മംഗളൂരുവിൽ നിന്നാണു കൊല്ലം സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.

വയറിന്റെ വലതുഭാഗത്ത് കത്തികൊണ്ടുള്ള കുത്തേറ്റ മുറിവുണ്ട്. കുത്തേറ്റ് മണിക്കൂറുകൾ കഴിഞ്ഞാണു മരണം സംഭവിച്ചത്. വയറിനു വലതു ഭാഗത്ത് 7.5 സെന്റീമീറ്റർ നീളത്തിലാണു മുറിവേറ്റത്. കുത്തേറ്റതിനു ശേഷം സജിത്ത് ഓടി. ഇതിന് ശേഷം രക്തം വാർന്നാണു മരണം സംഭവിച്ചതെന്നാണു പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളതെന്നു പൊലീസ് പറ‍ഞ്ഞു.സജിത്തിന്റെ തൊട്ടടുത്ത മുറിയിൽ താമസക്കാരായ സുഹൃത്തുക്കളാണ് കസ്റ്റഡിയിലുള്ളത്. ഇവരെയെല്ലാം ചോദ്യം ചെയ്തുവരികയാണ്. തിരുവനന്തപുരം പാങ്ങോട് ഭരതന്നൂർ സജിത് ഭവനിൽ ബാബുവിന്റെ മകൻ ബി.സജിത്തിന്റെ മൃതദേഹം വയറിന്റെ വലതു ഭാഗത്ത് ആഴത്തിൽ മുറിവേറ്റ പാടോടെ കമിഴ്ന്നു കിടന്ന നിലയിലായിരുന്നു.

തലേന്നു രാത്രി അടുത്ത മുറിയിലുള്ളവരുമായി മദ്യപിച്ച ശേഷം വാക്ക് തർക്കമുണ്ടായതായി മൊഴി ലഭിച്ചിട്ടുണ്ട്. കത്തി കൊണ്ട് കുത്തേറ്റ ശേഷം സജിത്ത് ഓടിയതായും ശേഷം പറമ്പിൽ തളർന്ന് വീണതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്. കൃത്യം നടക്കുന്നതിനു മുൻപ് സജിത്തിന്റെ മുറിയിൽ 4 പേരടങ്ങുന്ന സംഘം മദ്യപിച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ളയാൾ ഒരാഴ്ചക്കിടെ ഒട്ടേറെ തവണ സജിത്തുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നുവെന്നു പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!