25 കൊല്ലം കുടുംബത്തെ സേവിച്ചു; റിക്ഷാവലിക്കാരന് ഒരുകോടിയുടെ സ്വത്ത് കൈമാറി വയോധിക

തന്റെ കുടുംബത്തെ 25 കൊല്ലം സേവിച്ച റിക്ഷാവലിക്കാരന് ഒരുകോടിയോളം വിലമതിക്കുന്ന വസ്തുവകകൾ സമ്മാനിച്ച് വയോധിക. ഒഡീഷയിലെ കട്ടക്ക് സ്വദേശിനിയും 63-കാരിയുമായ മിനാതി പട്നായിക്കാണ് തന്റെ മുഴുവൻ സമ്പാദ്യവും കുടുംബത്തിന്റെ റിക്ഷാവലിക്കാരനായിരുന്ന ബുദ്ധാ സമലിന് സമ്മാനിച്ചത്. മൂന്നുനില വീട്, സ്വർണാഭരണങ്ങൾ തുടങ്ങിയവയും മറ്റ് മുഴുവൻ സമ്പാദ്യവും മിനാതി ബുദ്ധയ്ക്ക് കൈമാറി.

ഭർത്താവിന്റെയും മകളുടെയും മരണത്തിന് പിന്നാലെ ബുദ്ധയും കുടുംബവുമാണ് എന്റെ കാര്യങ്ങളൊക്കെ നോക്കുന്നത്. അതിനാൽ ബുദ്ധയ്ക്ക് എന്റെ സ്വത്തുക്കൾ നൽകുകയാണ്, മിനാതി വാർത്താ ഏജൻസിയായ എ.എൻ.ഐയോടു പ്രതികരിച്ചു.
കഴിഞ്ഞ വർഷം വൃക്കരോഗത്തെ തുടർന്നാണ് മിനാതിയുടെ ഭർത്താവ് മരിച്ചത്. തുടർന്ന് മകൾ കോമളിന് ഒപ്പമായിരുന്നു മിനാതിയുടെ താമസം. എന്നാൽ ഈയടുത്ത് ഹൃദയസ്തംഭനത്തെ തുടർന്ന് കോമളും മരിച്ചു. തുടർച്ചയായ ഇടവേളകളിൽ ഭർത്താവും മകളും മരിച്ച ദുഃഖത്തിലായിരുന്നു ജീവിച്ചിരുന്നത്.
ഈ നഷ്ടങ്ങൾക്കിടയിലും ബന്ധുക്കളാരും എന്നെ പിന്തുണച്ചില്ല. ഞാൻ തീർത്തും തനിച്ചായിരുന്നു. എന്നാൽ ബുദ്ധയും കുടുംബവും എനിക്കൊപ്പം നിന്നു. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ എന്റെ ആരോഗ്യകാര്യങ്ങളും ശ്രദ്ധിച്ചു, മിനാതി ഇന്ത്യാ ടുഡേയോടു പ്രതികരിച്ചു.

തന്റെ ബന്ധുക്കൾക്ക് ആവശ്യത്തിന് വസ്തുവകകളുണ്ട്. എന്റേത് പാവപ്പെട്ട കുടുംബത്തിന് നൽകണമെന്നായിരുന്നു എക്കാലത്തെയും ആഗ്രഹം, മിനാതി കൂട്ടിച്ചേർത്തു.
നിയമപരമായാണ് മിനാതി എല്ലാ വസ്തുവകകളും ബുദ്ധയ്ക്കും കുടുംബത്തിനും നൽകിയത്. തന്റെ മരണശേഷം ആരും ബുദ്ധയെയും കുടുംബത്തെയും ബുദ്ധിമുട്ടിക്കാതിരിക്കാനാണ് മിനാതിയുടെ ഈ നീക്കം. സ്വത്ത് നൽകിയതിലൂടെ ബുദ്ധയ്ക്കു വേണ്ടി വലിയകാര്യം ചെയ്തതല്ലെന്നും അവർ അത് അർഹിക്കുന്നുണ്ടെന്നും മിനാതി കൂട്ടിച്ചേർത്തു.
എന്നാൽ മിനാതിയുടെ കുടുംബത്തിൽനിന്ന് അവരുടെ നീക്കത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു. മിനാതിയുടെ മൂന്നു സഹോദരിമാരാണ് എതിർപ്പുന്നയിച്ചത്. എന്നാൽ അതിനെ മറികടന്ന് മിനാതി തീരുമാനവുമായി മുന്നോട്ടുപോവുകയായിരുന്നു
ഇനി ബുദ്ധയെ കുറിച്ച്
മാതാപിതാക്കളെ കൂടാതെ ഭാര്യയും രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും ചേർന്നതാണ് ബുദ്ധയുടെ കുടുംബം. സ്വത്ത് സമ്മാനിക്കാനുള്ള മിനാതിയുടെ നീക്കം തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ബുദ്ധ പറഞ്ഞു. ഇരുപതു കൊല്ലത്തിലധികമായി മിനാതിയുടെ കുടുംബത്തെ സേവിച്ചു കൊണ്ടിരിക്കുകയാണ്. എന്റെ മരണം വരെ അമ്മയെ (മിനാതി)യെ ഞാൻ സേവിക്കും, ബുദ്ധ കൂട്ടിച്ചേർക്കുന്നു.
മിനാതിയെ അമ്മയായാണ് താനും കുടുംബവും കാണുന്നതെന്നും ബുദ്ധ പറഞ്ഞു. മിനാതിയുടെ നിർദേശത്തെ തുടർന്ന് രണ്ടുകൊല്ലം മുൻപ് ബുദ്ധ, റിക്ഷാവലിക്കുന്ന ജോലി അവസാനിപ്പിച്ചിരുന്നു. തുടർന്ന് നാലുമാസം മുൻപേ ഭാര്യയ്ക്കും മക്കൾക്കുമൊപ്പം മിനാതിയുടെ വീട്ടിൽ താമസമാക്കുകയും ചെയ്തു. ഇതും മിനാതിയുടെ നിർദേശത്തെ തുടർന്നായിരുന്നു.