KSDLIVENEWS

Real news for everyone

29 അടി ഉയരത്തില്‍ മറ്റൊരു ‘താജ്മഹല്‍’! ഭാര്യയ്ക്കായി പ്രണയഭവനം സമ്മാനിച്ച്‌ ഞെട്ടിച്ച്‌ ഭര്‍ത്താവ്

SHARE THIS ON

മുംതാസിനായി ഷാജഹാന്‍ പണിതുയര്‍ത്തിയ താജ്മഹലിന് വര്‍ണനകളാവശ്യമില്ല. എന്നാല്‍, മൂന്നുവര്‍ഷമെടുത്ത് ഭാര്യയ്ക്കായി മറ്റൊരു ‘താജ്മഹല്‍’ ഒരുക്കിയ ഈ ഭര്‍ത്താവിനൊരു കൈ തന്നെ കൊടുക്കണം.

മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂര്‍ സ്വദേശിയായ ആനന്ദ് പ്രകാശ് ചൗക്സിയാണ് താജ്മഹലിന്റെ തനിപ്പകര്‍പ്പ് നിര്‍മ്മിച്ച്‌ ഭാര്യക്ക് സമ്മാനിച്ചത്. നാല് കിടപ്പുമുറികളും ഒരു അടുക്കളയും ലൈബ്രറിയും ധ്യാനമുറിയുമുള്‍പ്പെടുന്ന വീടാണ് ഭാര്യ മഞ്ജുഷ ചൗക്സിക്ക് വേണ്ടി ഈ സ്‌നേഹനിധിയായ ഭര്‍ത്താവ് ഒരുക്കിയിരിക്കുന്നത്.

മൂന്നു വര്‍ഷമെടുത്ത് പണി കഴിപ്പിച്ച ഈ വീടിന്റെ നിര്‍മാണത്തിന് മുന്‍പായി ദമ്ബതികള്‍ ആഗ്രയില്‍ പോയി താജ്മഹല്‍ സന്ദര്‍ശിച്ചു. താജ്മഹലിന്റെ വാസ്തുവിദ്യ സൂക്ഷ്മമായി പഠിക്കുകയും ഘടനാപരമായ വിശദാംശങ്ങള്‍ പഠിക്കാന്‍ എഞ്ചിനീയര്‍മാരോട് ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് സമാനമായ മാതൃകയിലുള്ള മഹാരാഷ്ട്രയിലെ ഔറംഗാബാദിലെ ബീബി കാ മക്ബറ കൂടി സന്ദര്‍ശിച്ചു വിശദമായി പഠിച്ചാണ് എഞ്ചിനീയര്‍ വീടിന്റെ രൂപകല്‍പന പൂര്‍ത്തിയാക്കിയത്.

80 അടി ഉയരമുള്ള വീട് നിര്‍മിക്കാനായിരുന്നു ചൗക്സിയുടെ ആദ്യ തീരുമാനം. എന്നാല്‍, ഇത്രയും വലിയൊരു വീടിന്റെ നിര്‍മാണത്തിന് അധികൃതര്‍ അനുമതി നല്‍കിയില്ല. തുടര്‍ന്നാണ് താജ്മഹല്‍ മാതൃകയിലൊരു വീടാകാമെന്നു തീരുമാനിച്ചത്. അങ്ങനെ വര്‍ഷങ്ങളുടെ അധ്വാനമാണ് കഴിഞ്ഞ ദിവസം പൂര്‍ത്തീകരിച്ച്‌ പ്രിയതമയ്ക്ക് സമര്‍പ്പിച്ചത്.

90 ചതുരശ്ര മീറ്ററില്‍ പരന്നുകിടക്കുന്ന ഈ വിസ്മയക്കൊട്ടാരം ഒറ്റ നോട്ടത്തില്‍ താജ്മഹലെന്നേ തോന്നൂ. വിശ്വപ്രസിദ്ധമായ പ്രണയകുടീരത്തിന്റെ അതേ വാസ്തുവിദ്യയില്‍ വീട്ടിനകത്ത് മിനാരങ്ങളും കമാനങ്ങളുമെല്ലാം സംവിധാനിച്ചിട്ടുണ്ട്. 29 അടി ഉയരത്തിലാണ് താഴികക്കുടമുള്ളത്. അതിനകത്ത് രണ്ടു നിലകളിലായി രണ്ടു കിടപ്പുമുറികളുമുണ്ട്.

താജ്മഹലിന്റെ ത്രിമാനചിത്രം അടിസ്ഥാനമാക്കി നിര്‍മ്മിച്ച ഈ വീട് ബുര്‍ഹാന്‍പൂര്‍ സന്ദര്‍ശിക്കാനെത്തുന്ന വിനോദസഞ്ചാരികള്‍ക്കൊരു അത്ഭുതക്കാഴ്ചയായിരിക്കുമെന്ന കാര്യത്തിലൊരു സംശയവുമില്ല. ഇവിടെ വരുന്നവര്‍ തന്റെ താജ്മഹലും കാണാതെ പോകരുതേയെന്നാണ് ആനന്ദ് പ്രകാശിനും പറയാനുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!