KSDLIVENEWS

Real news for everyone

പ്ലാസ്റ്റിക് നിര്‍മിതമെന്ന് തെറ്റിദ്ധരിച്ച് സെല്‍ഫി എടുക്കാന്‍ ശ്രമം: വിനോദസഞ്ചാരിയെ മുതല ആക്രമിച്ചു

SHARE THIS ON

മനില: പ്ലാസ്റ്റിക്കിൽ നിർമിച്ച പ്രതിമയാണെന്ന് തെറ്റിദ്ധരിച്ച് ജീവനുള്ള മുതലയ്ക്കൊപ്പം സെൽഫിയെടുക്കാൻ ശ്രമിച്ച വിനോദസഞ്ചാരിയെ മുതല ആക്രമിച്ചു. കുളത്തിലേക്ക് മൊബൈലുമായി ചാടിയ വിനോദസഞ്ചാരിയുടെ കൈ മുതല കടിച്ചു കുടഞ്ഞു. ഫിലിപ്പീൻസിലാണ് സംഭവം നടന്നത്.

കാഗയാൻ ഡി ഓറോ സിറ്റിയിലെ അമായ വ്യൂ അമ്യൂസ്മെന്റ് പാർക്കിൽ നവംബർ പത്തിനാണ് സംഭവം. നെഹിമിയാസ് ചിപാഡ എന്ന 68-കാരനാണ് മുതലയുടെ ആക്രമണത്തിൽ ഇടതുകൈക്ക് പരിക്കേറ്റത്. ഇദ്ദേഹത്തെ മുതല ആക്രമിക്കുന്നതിന്റെ വീഡിയോ പുറത്തെത്തിയിട്ടുണ്ട്. പരിക്കേറ്റ ചിപാഡയെ ശസ്ത്രക്രിയക്ക് വിധേയനാക്കി.


മുതലയ്ക്കൊപ്പം സെൽഫി എടുക്കാൻ ഒരു കയ്യിൽ മൊബൈലുമായാണ് ചിപാഡ കുളത്തിലേക്ക് ഇറങ്ങിയത്. ഇതിനു പിന്നാലെ മുതല ചിപാഡയുടെ ഇടതുകൈയിൽ കടിച്ച് വെള്ളത്തിലേക്ക് വലിച്ചിടാൻ ശ്രമിക്കുകയായിരുന്നു. ചിപാഡയുടെ കുടുംബാംഗങ്ങളും മറ്റ് വിനോദസഞ്ചാരികളും ഈ സമയം പരിസരത്തുണ്ടായിരുന്നു. സംഭവം കണ്ടുനിന്ന റോജെലിയോ പമീസ ആന്റിഗ എന്നയാളാണ് ദൃശ്യം പകർത്തിയത്. ഇത് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

മുതലയുടെ പിടിവിടുവിച്ച് കുളത്തിൽനിന്ന് ചിപാഡ ഓടിയിറങ്ങുന്നതും മുറിവേറ്റ കൈയുടെ ദൃശ്യങ്ങളും വീഡിയോയിൽ കാണാം. പരിക്കേറ്റതിന് പിന്നാലെ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കൈയിൽ ശസ്ത്രക്രിയ നടത്തുകയും ചെയ്തു. പാർക്കിൽ സൂചനാ ബോർഡുകൾ സ്ഥാപിക്കാത്തതാണ് അപകടത്തിന് കാരണമെന്ന് ചിപാഡയുടെ കുടുംബം ആരോപിച്ചു. എന്നാൽ ഈ ആരോപണം നിഷേധിച്ച പാർക്ക് അധികൃതർ, ചിപാഡയ്ക്ക് ധനസഹായം നൽകുമെന്ന് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!