KSDLIVENEWS

Real news for everyone

കേരള, മഹാരാഷ്ട്ര വിദ്യാർഥികൾ 7 ദിവസം കൂടുമ്പോൾ ആർടിപിസിആർ നടത്താൻ നിർദേശം

SHARE THIS ON

മംഗളൂരു∙ കേരളം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ നിന്നു നഗരത്തിലെ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ 7 ദിവസം കൂടുമ്പോൾ ആർടിപിസിആർ പരിശോധന നടത്താൻ നിർദേശം. മംഗളൂരു സിറ്റി കോർപറേഷൻ കമ്മിഷണർ അക്ഷയ് ശ്രീധറാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്. കോവിഡ് മൂന്നാം തരംഗ ഭീതി നിലനിൽക്കു‌ന്ന സാഹചര്യത്തിലാണ് ഈ തീരുമാനമെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെയും മഹാരാഷ്ട്രയിലെയും വിദ്യാർഥികൾക്ക് മാത്രമാണോ കോവിഡ് മൂന്നാം തരംഗം ബാധിക്കുക എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഈ സംസ്ഥാനങ്ങളിലാണ് നിലവിൽ കോവിഡ് വ്യാപന നിരക്ക് കൂടുതൽ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

കോ‍ർപ്പറേഷൻ വിളിച്ചു ചേർത്ത കോളജ് അധികൃതരുടെ യോഗത്തിലാണ് കമ്മിഷണർ നിർദേശങ്ങൾ നൽകിയത്. കോളജുകളിലെ കലാ–സാംസ്‌കാരിക പരിപാടികൾ 2 മാസത്തേക്ക് നിർത്തിവെക്കാനും നിർദേശിച്ചു. നിലവിൽ നടത്താൻ തീരുമാനിച്ചിട്ടുള്ള സെമിനാറുകളും ശിൽപശാലകളും ഓൺലൈനായി നടത്തണം. മുഴുവൻ വിദ്യാർഥികളും 2 ഡോസ് വാക്സീൻ എടുത്തെന്ന് കോളജ് അധികൃതർ ഉറപ്പു വരുത്തണം. മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക,

സാനിറ്റൈസർ ഉപയോഗിക്കുക തുടങ്ങി കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്താനും കോളജ് അധികൃതർക്കു വിതരണം ചെയ്ത ലഘുലേഖയിൽ നിർദേശമുണ്ട്. ഒരു പ്രദേശത്ത് കുറഞ്ഞത് 10 പേർ വാക്‌സീൻ എടുക്കാനുണ്ടെങ്കിൽ ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചാൽ അധികൃതർ അവിടെയെത്തി വാക്സീൻ നൽകും. ജില്ലാ ആരോഗ്യ ഓഫിസർ ഡോ.കിഷോർ കുമാർ, കോർപറേഷൻ ആരോഗ്യ ഓഫിസർ ഡോ.അശോക്, കോർപറേഷൻ ഡപ്യൂട്ടി കമ്മിഷണർ അജിത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

കർണാടകയിൽ 15 മലയാളി നഴ്സിങ് വിദ്യാർഥികൾക്ക് കോവിഡ്

ബെംഗളൂരു ∙ കർണാടക തുമക്കൂരുവിലെ സിദ്ധഗംഗ, വരദരാജു നഴ്സിങ് കോളജുകളിലായി 15 മലയാളി വിദ്യാർഥികൾക്കു കോവിഡ് സ്ഥിരീകരിച്ചു. ഇവിടങ്ങളിലുള്ള 200 നഴ്സിങ് വിദ്യാർഥികളുടെ സാംപിളുകൾ പരിശോധിച്ചു വരികയാണ്. ഇവരിൽ കൂടുതലും കേരളത്തിൽ നിന്നുള്ളവരാണ്. മൈസൂരുവിലെ 2 നഴ്സിങ് കോളജുകളിൽ മലയാളികൾ ഉൾപ്പെടെ പോസിറ്റീവായവരുടെ എണ്ണം 72 ആയി ഉയർന്നതോടെ ജില്ലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!