ഒമിക്രോണ്‍ ഇന്ത്യയിലും; കര്‍ണാടകയില്‍ രണ്ടുപേര്‍ക്ക് സ്ഥിരീകരിച്ചു

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയിലാണ് രണ്ടുപേര്‍ക്ക് പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ വാര്‍ത്താസമ്മേളനം വിളിച്ച് രാജ്യത്തെ ഒമിക്രോണ്‍ സാഹചര്യം അറിയിക്കുകയായിരുന്നു.
ദക്ഷിണാഫ്രിക്ക സന്ദര്‍ശിച്ച രണ്ട് കര്‍ണാടക സ്വദേശികള്‍ക്കാണ് കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചത്. 66ഉം 46ഉം വയസ് പ്രായമുള്ളവരാണ് ഇവര്‍. രണ്ടുപേരുടെയും നില ഗുരുതരമല്ല. ഇവരുടെ പേരുവിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിടില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇവരുമായി സമ്ബര്‍ക്കത്തിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലേക്കു മാറ്റിയതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
വൈറസിന്റെ പ്രാധാന്യവും ഗൗരവവും കേന്ദ്രം ഉണര്‍ത്തിയിട്ടുണ്ട്. ഡെല്‍റ്റ വകഭേദത്തിന്റെ അഞ്ചിരട്ടി വ്യാപനശേഷി ഒമിക്രോണിനുണ്ടെന്നാണ് മന്ത്രാലയം അറിയിച്ചത്. ഇതേക്കുറിച്ച് ഐസിഎംആര്‍ കൂടുതല്‍ പഠനം നടത്തിവരികയാണ്. അതേസമയം, കൂടുതല്‍ ആശങ്ക വേണ്ടെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജാഗ്രത തുടരണം. കോവിഡ് ഒന്നാം തരംഗത്തില്‍ നേരിടാന്‍ കേന്ദ്രം മുന്നോട്ടുവച്ച മാര്‍ഗനിര്‍ദേശങ്ങളെല്ലാം തുടരാനും നിര്‍ദേശമുണ്ട്. വാക്‌സിനേഷന്റെ വേഗം കൂട്ടാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മാസ്‌ക് അടക്കമുള്ള നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും.
കഴിഞ്ഞ മാസമാണ് ആദ്യമായി ഒമിക്രോണ്‍ വകഭേദം ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതുവരെ 23 രാജ്യങ്ങളില്‍ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്തതായി കുറച്ചുമുന്‍പ് ലോകാരോഗ്യ സംഘടനയും അറിയിച്ചിട്ടുണ്ട്. പുതിയ സ്ഥിതിഗതികളെ അതീവ ഗൗരവത്തോടെയാണ് തങ്ങള്‍ കാണുന്നതെന്നും എല്ലാ ലോകരാജ്യങ്ങളും ആ ഗൗരവം പുലര്‍ത്തണമെന്നും ഡബ്ല്യുഎച്ച്‌ഒ ഡയരക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ദക്ഷിണാഫ്രിക്ക(77 കേസുകള്‍), ബ്രിട്ടന്‍(22), ബോട്‌സ്വാന(19), നെതര്‍ലന്‍ഡ്‌സ്(16), പോര്‍ച്ചുഗല്‍(13), ഇറ്റലി(ഒന്‍പത്), ജര്‍മനി(ഒന്‍പത്), ആസ്‌ട്രേലിയ(ഏഴ്), കാനഡ(ആറ്), ദക്ഷിണ കൊറിയ(അഞ്ച്), ഹോങ്കോങ്(നാല്), ഇസ്രായേല്‍(നാല്), ഡെന്മാര്‍ക്ക്(നാല്), സ്വീഡന്‍(മൂന്ന്), ബ്രസീല്‍(മൂന്ന്), നൈജീരിയ(മൂന്ന്), സ്‌പെയിന്‍(രണ്ട്), നോര്‍വേ(രണ്ട്), ജപ്പാന്‍(രണ്ട്), ആസ്ട്രിയ(ഒന്ന്), ബെല്‍ജിയം(ഒന്ന്), ഫ്രാന്‍സ്(ഒന്ന്), ചെക്ക് റിപബ്ലിക്(ഒന്ന്) എന്നിവിടങ്ങളിലാണ് പുതിയ വകഭേദം സ്ഥിരീകരിച്ചതായി ഡബ്ല്യുഎച്ച്‌ഒ അറിയിച്ചത്. പുതിയ വകഭേദത്തില്‍ അത്ഭുതമില്ലെന്നും കോവിഡ് വ്യാപനം തുടരുന്ന കാലത്തോളം ഇത്തരത്തിലുള്ള സംഭവങ്ങള്‍ പ്രതീക്ഷിക്കാമെന്നും ഡബ്ല്യുഎച്ച്‌ഒ തലവന്‍ പറഞ്ഞു. എന്നാല്‍, ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍നിന്ന് യാത്രാവിലക്ക് ഏര്‍പ്പെടുത്തുന്നതിനു പകരം രോഗത്തിന്റെ അപകടം കുറയ്ക്കാന്‍ ആവശ്യമായ യുക്തിസഹമായ മറ്റു മാര്‍ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

