ലോറി പാഞ്ഞുവന്നു, വീടിന്റെ വശത്തു തട്ടി പന്തലും തകർത്തു താഴേക്ക്; നടുക്കം വിട്ടുമാറാതെ കുഞ്ഞുങ്ങൾ

പാണത്തൂർ ∙ ‘സമയം വൈകിട്ട് 4 മണിയായിട്ടുണ്ടാകും. ഞാൻ വീട്ടിലെ ഹാളിലിരുന്നു സിനിമ കാണുകയായിരുന്നു. അനിയത്തിമാരായ ആരാധ്യയും വൈഷ്ണവിയും ഈ സമയം റൂമിൽ കളിക്കുകയായിരുന്നു. ആ സമയത്താണ് വലിയ ഹോൺ മുഴക്കി ഒരു ലോറി പാഞ്ഞുവരുന്നതു കാണുന്നത്. നോക്കിനിൽക്കെ ആ വണ്ടി റോഡിൽനിന്നും ഞങ്ങളുടെ വീടിന്റെ ഒരുവശത്തു തട്ടി മുറ്റത്തെ പന്തലും തകർത്തു താഴേക്കു പാഞ്ഞുപോവുകയായിരുന്നു.’
പരിയാരം ഇറക്കത്തിൽ ഇന്നലെ വൈകിട്ടുണ്ടായ ലോറി അപകടത്തിന്റെ ദൃക്സാക്ഷിയായ 9 വയസുകാരൻ വിഷ്ണുനന്ദ് അപകടത്തെക്കുറിച്ചു വിവരിക്കുമ്പോൾ ആ മുഖത്ത് അപ്പോഴും നടക്കം വിട്ടുമാറിയിട്ടുണ്ടായിരുന്നില്ല. ഇറക്കത്തിൽ നിയന്ത്രണം വിട്ട ലോറി ഇവരുടെ മുറ്റത്തു കൂടിയാണു താഴേക്കു പതിച്ചത്. വീട്ടുടമയായ വയലിൽ ശശിധരന്റെ മകനാണ് വിഷ്ണുനന്ദ്. അപകട സമയത്ത് ശശിധരൻ സ്ഥലത്തുണ്ടായിരുന്നില്ല. വീട്ടിലെ മറ്റുള്ളവർ പശുവിനെ തീറ്റാനും മറ്റുമായി പുറത്തു പോയിരുന്നു.
ഈ സമയത്ത് കുട്ടികൾ വാതിലടച്ചാണ് വീട്ടിൽ കളിച്ചിരുന്നത്. ലോറി വന്നു വീടിനു തട്ടിയ ഭിത്തിയുടെ ഭാഗത്തെ റൂമിലായിരുന്നു കുട്ടികൾ കളിച്ചിരുന്നത്. മുറ്റത്തെ പന്തലുൾപ്പെടെ തകർന്നതിനാൽ അപകടം മനസിലാക്കിയ ഈ കൊച്ചുകുട്ടികൾ അടുക്കളഭാഗത്തുകൂടി വീടിനു പുറത്തേക്കിറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. അപകടത്തിനു തൊട്ടുമുൻപുവരെ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഈ കുട്ടികൾ വീടിനകത്തു കയറിയതിനു ശേഷമാണ് ലോറി വീട്ടുമുറ്റത്തുകൂടി കുതിച്ചുപാഞ്ഞത്

