90 തടവുകാർ 20 ദിവസത്തെ പരോളിൽ ഇന്നിറങ്ങും; ഫാമുകളും കഫ്റ്റീരിയകളും പ്രവർത്തിപ്പിക്കാൻ താൽകാലിക സംവിധാനം…

ചീമേനി ∙ തുറന്ന ജയിലിൽ നിന്ന് 90 തടവുകാർ 20 ദിവസത്തെ പരോളിൽ ഇന്നു പുറത്തിറങ്ങും. ജയിലിൽ ഇനി അവശേഷിക്കുന്നത് 40 തടവുകാർ മാത്രം. കോവിഡ് കാലത്തെ 128 ദിവസത്തോളം നീണ്ടു നിന്ന പരോളിന് ശേഷം ജയിലിലേക്ക് തിരിച്ചെത്തിയ തടവുകാരാണ് 3 മാസത്തിനു ശേഷം അവർക്ക് അർഹതപ്പെട്ട 20 ദിവസത്തെ പരോളിൽ ഇന്ന് പുറത്തിറങ്ങുന്നത്. 176 തടവുകാരാണ് തുറന്ന ജയിലിൽ ഉള്ളത്. ഇതിൽ കോവിഡ് കാലത്ത് പരോളിൽ ഇറങ്ങിയ തടവുകാരിൽ 46 പേർ കോടതി വിധിയുടെ സാഹചര്യത്തിൽ ജയിലിലേക്ക് തിരിച്ചെത്തിയിരുന്നില്ല.
അതുകൊണ്ട് തന്നെ 130 തടവുകാർ മാത്രമാണ് കഴിഞ്ഞ 3 മാസമായി ജയിലിൽ ഉള്ളത്. കോവിഡ് കാലത്തിന് ശേഷം തടവുകാർ തിരിച്ചെത്തിയതോടെ ജയിലിനകത്തുള്ള ഫാമുകളും കഫ്റ്റീരിയകളും പെട്രോൾ പമ്പുകളും സജീവമായ നിലയിൽ എത്തി നിൽക്കവേയാണ് തടവുകാർ വീണ്ടും പരോളിലിറങ്ങുന്ന സാഹചര്യം വന്നിരിക്കുന്നത്.
ഇത് ജയിലിന്റെ ദൈനം ദിന പ്രവർത്തനങ്ങൾ വീണ്ടും താളം തെറ്റുമെന്ന ആശങ്ക ജയിൽ അധികൃതർക്കുണ്ട്. ഫാമുകളുടെയും കഫ്റ്റീരയകളുടെയും പ്രവർത്തനത്തിന് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നു താൽകാലികമായി തടവുകാരെ കൊണ്ടു വരാനുളള ആലോചനയിലാണ് അധികൃതർ

