KSDLIVENEWS

Real news for everyone

ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി; മൂന്നു വര്‍ഷം ഓസ്‌ട്രേലിയയില്‍ പ്രവേശിക്കുന്നതിന് വിലക്ക്

SHARE THIS ON

സിഡ്നി: സെർബിയയുടെ ലോക ഒന്നാം ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന്റെ വിസ വീണ്ടും റദ്ദാക്കി ഓസ്ട്രേലിയ. മൂന്നു വർഷത്തേക്ക് ഓസ്ട്രേലിയയിൽ പ്രവേശിക്കുന്നത് താരത്തിന് വിലക്കുമേർപ്പെടുത്തി. കോടതി വിധിയുടെ പിൻബലത്തിൽ ഓസ്ട്രേലിയയിൽ തുടരുന്ന ജോക്കോവിച്ചിന്റെ വിസ കുടിയേറ്റ വകുപ്പ് മന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് റദ്ദാക്കുകയായിരുന്നു.

കോവിഡ് വാക്സിൻ എടുക്കാതെ ഓസ്ട്രേലിയയിൽ പ്രവേശിച്ചതിനാലാണ് ജോക്കോവിച്ചിനെതിരെ നടപടിയെടുത്തതെന്നും പൊതുതാത്പര്യം കണക്കിലെടുത്താണ് വിസ റദ്ദാക്കാനുള്ള തീരുമാനമെടുത്തതെന്നും കുടിയേറ്റ മന്ത്രി അലെക്സ് ഹോക് വ്യക്തമാക്കി. അതേസമയം, ഓസ്ട്രേലിയൻ സർക്കാരിന്റെ തീരുമാനത്തിനെതിരേ വീണ്ടും കോടതിയെ സമീപിക്കുമെന്ന് താരത്തിന്റെ അഭിഭാഷകൻ വ്യക്തമാക്കി.


ഇതോടെ തിങ്കളാഴ്ച്ച ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ ജോക്കോവിച്ച് കളിക്കാനുള്ള സാധ്യത വിരളമാണ്. എത്രയും പെട്ടെന്ന് കോടതിയിൽ നിന്ന് അനുകൂല വിധി സമ്പാദിച്ചാൽ മാത്രമേ താരത്തിന് ടൂർണമെന്റിൽ കളിക്കാനാകൂ. ഓസ്ട്രേലിയൻ ഓപ്പൺ അധികൃതർ ടൂർണമെന്റിൽ താരത്തിന്റെ പങ്കാളിത്തം ഉറപ്പാക്കി സീഡിങ്ങും മത്സരക്രമവും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കുടിയേറ്റ മന്ത്രാലയത്തിന്റെ പുതിയ നടപടി.

വാക്സിനെടുക്കാതെ ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻവന്ന ജോക്കോവിച്ചിന്റെ വിസ മെൽബൺ വിമാനത്താവളത്തിൽവെച്ച് റദ്ദാക്കിയിരുന്നു. തുടർന്ന് അദ്ദേഹത്തെ അഭയാർഥികളെ താമസിപ്പിക്കുന്ന ഹോട്ടലിലേക്കുമാറ്റി. അഞ്ചുദിവസത്തിനുശേഷം കോടതിവിധിയെ തുടർന്നാണ് താരത്തെ മോചിപ്പിച്ചത്.


ഡിസംബർ 16-ന് താൻ കോവിഡ് പോസിറ്റീവായിരുന്നതിനാലാണ് വാക്സിൻ എടുക്കാതിരുന്നത് എന്നാണ് അന്ന് ജോക്കോ വാദിച്ചത്. എന്നാൽ, അതിന്റെ പിറ്റേന്ന് ചടങ്ങുകളിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ കോവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകൾ സമ്മതിച്ച് ജോക്കോവിച്ച് രംഗത്തെത്തി. ഇമിഗ്രേഷൻ ഫോമിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നും കോവിഡ് പോസിറ്റീവായിരുന്നപ്പോൾ ഒരു മാധ്യമറിപ്പോർട്ടറുമായി സംസാരിച്ചെന്നും താരം പറഞ്ഞു.

ഇമിഗ്രേഷൻ ഫോമിൽ, രണ്ടാഴ്ചയ്ക്കിടെ യാത്രകൾ നടത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു ജോക്കോ നൽകിയ മറുപടി. എന്നാൽ, സ്പെയിനിലേക്കും മറ്റും യാത്രചെയ്തതിന്റെ തെളിവുകൾ പിന്നാലെ കിട്ടി. ഏജന്റിന് പറ്റിയ കൈയബദ്ധമാണ് എന്നാണ് ജോക്കോ വിശദീകരിച്ചത്. കോവിഡിന്റെ ദുർഘടകാലത്ത് ഇത്തരം തെറ്റുകൾ സംഭവിക്കും എന്നുമായിരുന്നു അദ്ദേഹത്തിന്റെ ന്യായം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!