KSDLIVENEWS

Real news for everyone

കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടം: യന്ത്രത്തകരാറല്ല, അട്ടിമറി സാധ്യതയും തള്ളി അന്വേഷണ റിപ്പോര്‍ട്ട്

SHARE THIS ON

ന്യൂഡൽഹി: സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപകടത്തിന് കാരണം യന്ത്രത്തകരാറോ അട്ടിമറിയോ അല്ലെന്ന് അന്വേഷണ റിപ്പോർട്ട്. കാലാവസ്ഥ വ്യതിയാനം മൂലം ഹെലികോപ്റ്റർ മേഘങ്ങളിൽ കുടുങ്ങി ഭൂപ്രദേശത്ത് ഇടിച്ചതാണ് അപകടത്തിന് കാരണമെന്ന് ഇന്ത്യൻ എയർഫോഴ്സ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അപകടകാരണം സംബന്ധിച്ച പ്രാഥമിക കണ്ടെത്തലുകൾ അന്വേഷണ സംഘം പ്രതിരോധ മന്ത്രിക്ക് കഴിഞ്ഞ ആഴ്ച സമർപ്പിച്ചിരുന്നു.

‘താഴ്വരയിലെ കാലാവസ്ഥയിലുണ്ടായ അപ്രതീക്ഷിത വ്യതിയാനം മൂലം ഹെലികോപ്റ്റർ മേഘങ്ങളിൽ പ്രവേശിച്ചതാണ് അപകടത്തിന് കാരണമായത്. ഇത് പൈലറ്റിനെ സ്പേഷ്യൽ ഡിസോറിയന്റേഷനിലേക്ക് നയിച്ചു. തുടർന്ന് ഹെലികോപ്റ്റർ ഇടിച്ചിറങ്ങാൻ കാരണമായി.- ഇന്ത്യൻ വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. ഇതാദ്യമായാണ് വ്യോമസേന അന്വേഷണത്തിലെ കണ്ടെത്തലുകൾ ഔദ്യോഗികമായി പുറത്തുവിടുന്നത്.


ഫ്ളൈറ്റ് ഡേറ്റ റെക്കോർഡറും കോക്ക്പിറ്റ് വോയ്സ് റെക്കോർഡറും അന്വേഷണ സംഘം വിശകലനം ചെയ്തു. കൂടാതെ അപകടത്തിന്റെ കാരണം കണ്ടെത്താൻ ലഭ്യമായ എല്ലാ സാക്ഷികളെയും ചോദ്യം ചെയ്തു. മെക്കാനിക്കൽ തകരാർ, അട്ടിമറി അല്ലെങ്കിൽ അശ്രദ്ധ എന്നിവ അപകട കാരണമല്ലെന്നും അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. എയർ മാർഷൽ മാനവേന്ദ്ര സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

ഡിസംബർ എട്ടിനാണ് വ്യോമസേനയുടെ Mi-17 V5 ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് ജനറൽ ബിപിൻ റാവത്തുൾപ്പെടെ 14 പേർ മരിച്ചത്. സുലൂരിൽ നിന്ന് വെല്ലിംഗ്ടണിലേക്ക് പോകവെയായിരുന്നു അപകടം. കോയമ്പത്തൂർ സൂലൂർ വ്യോമസേനാ കേന്ദ്രത്തിൽ നിന്നാണ് വെല്ലിങ്ടൺ ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിൽ (ഡി.എസ്.എസ്.സി.) നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാനായി സേനാ മേധാവിയടക്കമുള്ളവർ പുറപ്പെട്ടത്.


ജനറൽ ബിപിൻ റാവത്ത്, ഭാര്യ ഡോ. മധുലിക റാവത്ത്, ബ്രിഗേഡിയർ എൽ.എസ്. ലിഡ്ഡർ, ലഫ് കേണൽ ഹർജീന്ദർ സിങ്, ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്, നായക് ഗുരു സേവക് സിങ്, നായക് ജിതേന്ദ്രകുമാർ, ലാൻസ് നായക് വിവേക് കുമാർ, ലാൻസ് നായക് ബി. സായി തേജ, ഹവിൽദാർ സത്പാൽ, ജൂനിയർ വാറന്റ് ഓഫീസറും സൂലൂരിലെ ഫ്ലൈറ്റ് എൻജിനിയറുമായ തൃശ്ശൂർ പുത്തൂർ സ്വദേശി പ്രദീപ്കുമാർ, ജൂനിയർ വാറന്റ് ഓഫീസർ ദാസ്, പൈലറ്റ് വിങ് കമാൻഡർ ചൗഹാൻ, സ്ക്വാഡ്രൺ ലീഡർ കുൽദീപ് സിങ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!