ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചു; ഡോക്ടര്‍ക്കെതിരെ കേസ്

പ്രസവ ശസ്ത്രക്രിയക്കിടെ യുവതിയുടെ വയറ്റില്‍ പഞ്ഞി മറന്നുവച്ചതിന് മെഡിക്കല്‍ അശ്രദ്ധയുടെ പേരില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഗുഡ്ഗാവ് കോടതിയുടെ ഉത്തരവ്.ശിവ ഹോസ്പിറ്റലിനെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന യുവതിയുടെ ഭര്‍ത്താവിന്‍റെ പരാതിയിലാണ് ഗുഡ്ഗാവ് ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി ചൊവ്വാഴ്ച ഉത്തരവിട്ടത്.
2020 ഏപ്രിലിലാണ് സിക്കന്ദര്‍പൂരില്‍ താമസിക്കുന്ന ഡാര്‍ജിലിംഗ് സ്വദേശിയായ ദിവാസ് റായിയുടെ സ്വാസ്തിക ഗര്‍ഭിണിയാകുന്നത്. കോവിഡ് ലോക്ഡൌണ്‍ മൂലം ഈ സമയത്ത് ദിവാസിന് ജോലി നഷ്ടപ്പെട്ടിരുന്നു. പണമില്ലാത്തതിനാല്‍ ഭാര്യയെ സര്‍ക്കാര്‍ അംഗന്‍വാടിയിലെത്തിച്ചു. ഭാര്യയെ സെക്ടര്‍-12ലെ ശിവ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ അങ്കണവാടി വര്‍ക്കര്‍ തന്നോട് ആവശ്യപ്പെട്ടതായി ദിവാസ് പരാതിയില്‍ പറയുന്നു. ആശുപത്രിയിലെത്തിച്ച സ്വാസ്തികയെ നവംബര്‍ 16ന് സിസേറിയന് വിധേയയാക്കുകയും ഒരു പെണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തു. ശസ്ത്രക്രിയക്കായി 30,000 രൂപ ഈടാക്കുകയും ചെയ്തു.
പ്രസവം കഴിഞ്ഞയുടന്‍ ഭാര്യക്ക് വയറുവേദനയും വയറ്റില്‍ ചുവന്ന പാടുകളോടെ വീക്കവും അനുഭവപ്പെട്ടുവെന്നും തുടര്‍ന്ന് വീണ്ടും ആശുപത്രിയിലെത്തിച്ചെന്നും വേദന കുറയ്ക്കാന്‍ ഡോക്ടര്‍മാര്‍ കുറച്ച് വിറ്റാമിനുകളും മറ്റ് മരുന്നുകളും നല്‍കിയെന്നും റായ് ആരോപിച്ചു. എന്നാല്‍ ശിവ ഹോസ്പിറ്റല്‍ ഡോക്ടര്‍മാര്‍ നല്‍കിയ മരുന്നുകള്‍ ഫലിക്കാത്തതിനാല്‍, റായി അവളെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ അവളുടെ വയറ്റില്‍ എന്തെങ്കിലും ഉണ്ടെന്ന് ഡോക്ടര്‍മാര്‍ സംശയിക്കുകയും ചികിത്സ തുടങ്ങുകയും ചെയ്തു. പ്രസവശേഷം തന്‍റെ ഭാര്യയുടെ ശരീരഭാരം 16 കിലോ കുറഞ്ഞുവെന്ന് റായ് പറയുന്നു. മൂന്നാമത്തെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയപ്പോള്‍ സിടി-സ്കാന്‍ ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ദേശിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ വയറ്റില്‍ പഞ്ഞി ഉള്ളതായി കണ്ടെത്തി.
താന്‍ ഇക്കാര്യം ശിവ ഹോസ്പിറ്റലില്‍ അറിയിച്ചതിന് ശേഷം അവര്‍ ആദ്യം ഇത് അവഗണിച്ചെങ്കിലും പിന്നീട് തന്‍റെ വീട്ടിലേക്ക് ആംബുലന്‍സ് അയച്ചുവെന്നും തന്‍റെ അറിവോ സമ്മതമോ കൂടാതെ ഭാര്യയെ കൂട്ടിക്കൊണ്ടുപോയി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തുവെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഓപ്പറേഷന്‍ ചെയ്ത് പഞ്ഞി നീക്കം ചെയ്യുകയും ചെയ്തു. റായ് പൊലീസിന് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല. കോടതിയുടെ ഉത്തരവനുസരിച്ച്, പോലീസ്, ഗുഡ്ഗാവിലെ സെക്ടര്‍ 14 പൊലീസ് സ്റ്റേഷനില്‍, ശിവ ആശുപത്രിയിലെ ഡോ. പൂനം യാദവിനും ഡോ. അനുരാഗ് യാദവിനും എതിരെ എഫ്.ഐ.ആര്‍ ഫയല്‍ ചെയ്തിട്ടുണ്ട്. തങ്ങള്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.