മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഇ.സോമനാഥ് അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ഇ.സോമനാഥ് നിര്യാതനായി. മസ്തിഷ്കാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലായിരുന്നു അന്ത്യം.സംസ്കാരം വൈകിട്ട് തൈക്കാട് ശാന്തികവാടത്തില്‍. മലയാള മനോരമയില്‍ സീനിയര്‍ സ്പെഷ്യല്‍ കറസ്പോണ്ടന്്റായിരുന്ന സോമനാഥ് കഴിഞ്ഞ ഡിസംബറിലാണ് വിരമിച്ചത്. മനോരമയില്‍ അദ്ദേഹം എഴുതിയിരുന്ന ആഴ്ചക്കുറിപ്പുകള്‍ എന്ന പ്രതിവാര കോളവും നിയമസഭാ സമ്മേളന കാലത്ത് പ്രസിദ്ധീകരിച്ചിരുന്ന അവലോകന കോളമായ നടുത്തളവും ഏറെ ശ്രദ്ധേയമായിരുന്നു.
സോമനാഥിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
മലയാള മനോരമ സ്പെഷ്യല്‍ കറസ്പോണ്ടന്റായിരുന്ന ഇ.സോമനാഥിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് അനുശോചിച്ചു. രണ്ടു പതിറ്റാണ്ടിലേറെയായി തലസ്ഥാനത്ത് മാധ്യമ പ്രവര്‍ത്തകനായിരുന്ന സോമനാഥ് നിയമസഭാ റിപ്പോര്‍ട്ടിംഗിലൂടെയും പ്രതിവാര കോളത്തിലൂടെയും മികവുതെളിയിച്ച പ്രഗത്ഭ പത്രപ്രവര്‍ത്തകനായിരുന്നുവെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.