ഷോർട് സർക്യൂട്ട്: ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ തീപിടിത്തം

നീലേശ്വരം ∙ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിൽ ഷോർട് സർക്യൂട്ടിനെ തുടർന്നു തീപിടിത്തം. നീലേശ്വരം മേൽപ്പാലത്തിനു സമീപം പാലക്കാട്ട് റോഡിൽ ഫൊട്ടോ വോൾട്ടേക് ഇലക്ട്രിക് പവർ എന്ന സ്ഥാപനത്തിലാണ് വൈകിട്ട് 6 നു തീപിടിത്തമുണ്ടായത്. സ്ഥാപന ഉടമ വയലിൽ അറയ്ക്കു സമീപം കക്കോപ്രവൻ ഹൗസിലെ കെ.ശശിധരൻ നമ്പ്യാർ സ്ഥാപനം പൂട്ടിയിറങ്ങിയ ഉടനാണ് തീപിടിത്തമുണ്ടായത്. സർവീസ് ചെയ്തു കൊണ്ടുവന്ന് ഉടമയ്ക്കു കൈമാറാൻ വച്ച ഒരു സ്കൂട്ടർ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ.
ഇതു പൂർണമായും കത്തിയമർന്നു. സ്ഥാപനത്തിന്റെ ഇന്റീരിയർ, കംപ്യൂട്ടർ, വയറിങ്, ഫാൻ ഉൾപ്പെടെയുള്ള ഇലക്ട്രിക് ഉപകരണങ്ങൾ, ഫർണിച്ചർ എന്നിവയും കത്തി നശിച്ചു. ഓടിക്കൂടിയ നാട്ടുകാർ തീയണച്ചു. കാഞ്ഞങ്ങാട്ട് നിന്ന് സ്റ്റേഷൻ ഓഫിസർ പി.വി.പവിത്രൻ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സതീഷ് എന്നിവരുടെ നേതൃത്വത്തിൽ 2 യൂണിറ്റ് അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തിയിരുന്നു. അപകട വിവരമറിഞ്ഞ് നീലേശ്വരം മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി.സുരേഷ് കുമാർ, സെക്രട്ടറി എ.വിനോദ് കുമാർ എന്നിവരും സ്ഥലത്തെത്തി. 3 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി അഗ്നിരക്ഷാസേന പറഞ്ഞു.

