KSDLIVENEWS

Real news for everyone

കണ്ണൂർ വിസി പുനർനിയമനം ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ശരിവച്ചു; സർക്കാരിന് ആശ്വാസം

SHARE THIS ON

കൊച്ചി: കണ്ണുർ യുണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രൻ്റെ പുനർനിയമനം ഡിവിഷൻ ബെഞ്ചും ശരിവച്ചു. സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത അപ്പീൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളി. ഗോപിനാഥ് രവീന്ദ്രൻ്റെ പുനർ നിയമനം നിയമവിരുദ്ധമാണെന്നാരോപിച്ച് യൂണിവേഴ്സിറ്റി സെനറ്റ് അംഗം ഡോ.പ്രേമചന്ദ്രൻ കീഴോത്തും മറ്റുമാണ് അപ്പീൽ സമർപ്പിച്ചത്.

നിയമനം ഗവർണർ അംഗീകരിച്ചിട്ടുണ്ടെന്ന് ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സർക്കാർ വാദം അംഗീകരിച്ചാണ് ഹർജികൾ തള്ളിയത്. അഡ്വക്കേറ്റ് ജനറലിൻ്റെ നിയമോപദേശവും സർക്കാരിൻ്റെ നിർദേശവും മാനിച്ചാണ് പുനർനിയമനം അംഗീകരിച്ചതെന്ന് ചാൻസലർ കൂടിയായ ഗവർണർ കോടതിയെ അറിയിച്ചിരുന്നു.

പുനർ നിയമനം ആദ്യ നിയമനത്തിൻ്റെ തുടർച്ചയാണെന്നും സെലക്ഷൻ കമ്മിറ്റി വഴിയുള്ള നിയമന നടപടികളുടെ ആവശ്യമില്ലെന്നും സർക്കാർ ബോധിപ്പിച്ചു. 60 വയസ് പ്രായപരിധി ആദ്യ നിയമനത്തിന് മാത്രമാണ് ബാധകമെന്നും പുനർ നിയമനത്തിന് ബാധകമല്ലെന്നും യുജിസി ചട്ടങ്ങളിൽ ഉയർന്ന പ്രായപരിധിയോ കാലാവധിയോ നിഷ്കർഷിച്ചിട്ടില്ലെന്നും സർക്കാർ ബോധിപ്പിച്ചു. പുനർ നിയമനം പുതിയ നിയമനമാണെന്നും സെലക്ഷൻ കമ്മിറ്റി രൂപീകരിച്ചുള്ള നടപടികൾ വേണമെന്നുമുള്ള ഹർജിക്കാരുടെ വാദങ്ങൾ കോടതി തള്ളി.

നിയമനത്തിനുള്ള വിജ്ഞാപനം പിൻവലിച്ചത് പ്രോ ചാൻസലറായ മന്ത്രിയുടെ കത്തിൻ്റെ അടിസ്ഥാനത്തിലാണെന്ന വിവരം പിന്നീടാണ് പുറത്തു വന്നതെന്നും മന്ത്രിയുടെ ഇടപെടൽ നിയമവിരുദ്ധമാണെന്നുമാണ് ഹർജിക്കാരുടെ വാദം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!