ടാറ്റ വാക്കുപാലിച്ചു “ടാറ്റ” പറഞ്ഞുപോയി.
സർക്കാറിന് കൈമാറിയ കോവിഡ് ആശുപത്രിയുടെ പ്രവർത്തനം തുടങ്ങുന്നതിൽ തീരുമാനം നീളുന്നു

: ടാറ്റ വാക്കുപാലിച്ച് ‘ടാറ്റ’ പറഞ്ഞുപോയി. കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുമ്പോഴും ‘ടാറ്റ’ പ്രൊജക്ട്സ് ലിമിറ്റഡ് നിർമിച്ച് സംസ്ഥാന സർക്കാരിന് കൈമാറിയ കോവിഡ് ആസ്പത്രിയുടെ പ്രവർത്തനം തുടങ്ങുന്നതിൽ തീരുമാനം നീളുന്നു. 433 പേർക്ക് നിരീക്ഷണത്തിലും 108 പേർക്ക് ഐസൊലേഷനിലും കഴിയാൻ സൗകര്യമുള്ള 541 കിടക്കകളുള്ള ആസ്പത്രിയുടെ താക്കോൽ ടാറ്റ പ്രൊജക്ട്സ് അധികൃതർ സെപ്റ്റംബർ ഒൻപതിനാണ് കളക്ടറെ ഏല്പിച്ചത്. ആസ്പത്രി ആരോഗ്യ വകുപ്പിന് കൈമാറിയെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
ഫയലുകൾക്ക് ഒച്ചിന്റെ വേഗമോ?
:അടിസ്ഥാനസൗകര്യങ്ങളായ റോഡ്, വെള്ളം, വെളിച്ചം എന്നിവ ഒരുക്കാൻ ജില്ലാ ഭരണകർത്താക്കൾ ഇതിനകം ടെൻഡർ നടപടി പൂർത്തിയാക്കിയിട്ടുണ്ട്. ഇവ മൂന്നും താത്കാലിക സംവിധാനത്തിലൂടെ നേരെയാക്കാമെങ്കിലും നിയമനങ്ങളും ചികിത്സയും ഒരുക്കാൻ, കോവിഡ് ആസ്പത്രി ജില്ലയിൽ സ്ഥാപിക്കാൻ താത്പര്യമെടുത്ത അതേ ഉത്സാഹം വേണം. യഥാസമയം, ആസ്പത്രി ടാറ്റ സജ്ജമാക്കിയപ്പോൾ അതേവേഗത്തിൽ സർക്കാരും ആ വിഷയങ്ങളിൽ ഇടപെടുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, കൈമാറ്റച്ചടങ്ങിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ആസ്പത്രി തുടങ്ങുന്നതിനെപ്പറ്റി മൗനം പാലിച്ചു. ഏപ്രിൽ ആറിനാണ് മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ-ഭവന നിർമാണവകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരനും ചേർന്ന് ജില്ലയിൽ ടാറ്റാ ഗ്രൂപ്പ് രണ്ടുമാസം കൊണ്ടൊരു കോവിഡ് ആസ്പത്രി സജ്ജമാക്കുമെന്ന് പ്രഖ്യാപിച്ചത്. 128 പ്രീ-ഫാബ്സ്റ്റീൽ കൺടെയ്നറുകളിലാണ് ആസ്പത്രി പ്രവർത്തിക്കേണ്ടതെന്നതിനാൽ ഇതിലേക്കാവശ്യമായ എ.സി. സംവിധാനവും കട്ടിലുംവരെ ടാറ്റ ഒരുക്കിയതാണ്.
കാഞ്ഞങ്ങാട് ജില്ലാഅധികൃതർ വീണ്ടും പ്രത്യേക കോവിഡ് ആസ്പത്രിയാക്കാനുള്ള നീക്കങ്ങളിലാണ് ജില്ലാഭരണകൂടം. അപ്പോഴും ആ ചോദ്യം ബാക്കിയാവുന്നു. തെക്കിലിലെ പുതിയ ആസ്പത്രിയുടെ കാര്യം എന്തായി?