നീലേശ്വരം തെരുറോഡ് പൊളിഞ്ഞു: ദുരിത യാത്രക്ക് നാല് വർഷം, മുറവിളിക്കും പരിഹാരമില്ല

നീലേശ്വരം:റോഡ് പൊളിഞ്ഞതിനെ തുടർന്ന് നീലേശ്വരം നഗരഹൃദയത്തിലെ ജനങ്ങൾ വീർപ്പുമുട്ടാൻ തുടങ്ങിയിട്ട് വർഷം നാലുകഴിഞ്ഞു. വിഷയം ആവർത്തിച്ച് ശ്രദ്ധയിൽപ്പെടുത്തിയിട്ടും പ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുകയാണ്. നീലേശ്വരം ബസാറിൽനിന്ന് പോലീസ് സ്റ്റേഷന് മുന്നിൽ ദേശീയപാതയോട് ചേരുന്ന തെരുറോഡിലാണ് വർഷങ്ങളായി ടാറിങ് നടക്കാതെ പാതാളക്കുഴികൾ രൂപപ്പെട്ടത്. മുന്നൂറിലധികം കുടുംബങ്ങളാണ് ഈ പ്രദേശങ്ങളിൽ താമസിക്കുന്നത്.2016 ഫെബ്രുവരിയിലാണ് രണ്ടു ലക്ഷം രൂപ ചെലവഴിച്ച് അവസാനമായി 620 മീറ്ററുള്ള ഈ റോഡിലെ കുഴികളടച്ചത്. 2017-ൽ ഇതുവഴി നഗരസഭ വൺവേയാക്കിയിരുന്നു. വലിയ വാഹനങ്ങൾ പോകുന്നതോടെ അപകടസാധ്യതയേറുമെന്ന് കാട്ടി തെരു നിവാസികൾ ഇതിനെതിരെ ഹൈക്കോടതിയിൽനിന്ന് സ്റ്റേ വാങ്ങി.
കാഞ്ഞങ്ങാട്ടേക്ക് ബസുൾപ്പടെയുള്ള വാഹനങ്ങൾക്ക് ‘യു കർവ്’ എടുത്തുപോകേണ്ട സ്ഥിതിയാണെന്നും മാർക്കറ്റിൽനിന്ന് പയ്യന്നൂർ ഭാഗത്തേക്ക് പോകേണ്ടവർ പോലീസ് സ്റ്റേഷൻ പരിസരംവരെ ബസ് കയറാൻ നടക്കേണ്ട സ്ഥിതിയാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ സമയം ടാറിടാനായി നഗരസഭ ജില്ലി ഉൾപ്പെടെ ഇറക്കിയിരുന്നെങ്കിലും അത് വേണ്ടെന്നുവെക്കുകയായിരുന്നുവെന്നും സ്റ്റേ നീക്കിയാൽ ടാർ ചെയ്യാമെന്ന് അധികൃതർ പറഞ്ഞതായും നാട്ടുകാർ പറയുന്നു.
പുരോത്സവം നടക്കുന്ന അഞ്ഞൂറ്റമ്പലം വീരർകാവിന് സമീപത്തുകൂടി പോകുന്ന റോഡ് മാർക്കറ്റിലേക്ക് നൂറുകണക്കിന് കാൽനടയാത്രക്കാരും ചെറുവാഹനങ്ങളും ഉപയോഗിക്കുന്നതാണ്. സ്ത്രീകളും വിദ്യാർഥികളുമടക്കം ആശ്രയിക്കുന്ന റോഡ് ടാർ ചെയ്യാൻ നഗരസഭ കൂട്ടാക്കാത്തതിൽ കഴിഞ്ഞ ദിവസം നാട്ടുകാർ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു.