KSDLIVENEWS

Real news for everyone

ലൈഫ് മിഷൻ സർവേയ്ക്ക് അധ്യാപകരെ നിയമിക്കാൻ നീക്കമെന്ന്; പ്രതിഷേധവുമായി സംഘടനകൾ

SHARE THIS ON

കാസർകോട് ∙ ലൈഫ് മിഷൻ ഭവന പദ്ധതിയിൽ വീടുകൾക്ക് അർഹരായവരെ കണ്ടെത്തുന്നതിനുള്ള സർവേയ്ക്ക് ജില്ലയിൽ അധ്യാപകരെ നിയമിക്കാൻ നീക്കമെന്ന് ആരോപണവുമായി അധ്യാപക സംഘടനകൾ‌. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ ഡ്യൂട്ടി ഇല്ലാത്ത അധ്യാപകരുടെ വിശദവിവരങ്ങൾ ഗൂഗിൾ ഫോം വഴി ശേഖരിച്ചു നൽകാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ സ്കൂൾ പ്രധാനാധ്യാപകരോട് നിർദേശിച്ചതായി അധ്യാപക സംഘടനകൾ ആരോപിച്ചു. ഇതിനെതിരെ ഭരണാനുകൂല അധ്യാപക സംഘടന ഉൾപ്പെടെയുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി. ഇന്നലെ രാവിലെ 11നുള്ളിൽ പരീക്ഷ ഡ്യൂട്ടിയിൽ ഇല്ലാത്ത അധ്യാപകരുടെ വിശദ വിവരങ്ങൾ നൽകാനായിരുന്നു പ്രധാനാധ്യാപകർക്ക് നൽകിയ നിർദേശം എന്ന് അധ്യാപകർ പറഞ്ഞു.

എന്ത് ആവശ്യത്തിനാണെന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കലക്ടറുടെ നിർദേശ പ്രകാരം ലൈഫ് മിഷൻ സർവേകൾക്കായാണ് അധ്യാപകരെ നിയമിക്കുന്നതെന്നാണ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ വെളിപ്പെടുത്തിയതെന്ന് അധ്യാപക സംഘടനാ നേതാക്കൾ പറയുന്നു.പരീക്ഷാ ഡ്യൂട്ടി ഇല്ലാത്ത എൽപി, യുപി അധ്യാപകരെയാണ് ഏറെയും നിയമിക്കാൻ സാധ്യതയുള്ളത്. എന്നാൽ ഈ അധ്യാപകർക്ക് അടുത്ത അധ്യയന വർഷത്തിലെ കുട്ടികളുടെ പ്രവേശനം, എൽഎസ്എസ്,യുഎസ്എസ് സ്കോളർഷിപ് പരീക്ഷകളുടെ പരിശീലനം, വാർഷിക പരീക്ഷയുടെ മൂല്യനിർണയം, പ്രമോഷൻ പട്ടിക തയാറാക്കൽ, അഡ്മിഷനുമായി ബന്ധപ്പെട്ട് ഗൃഹസന്ദർശനം ഉൾപ്പെടെ വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്കൂൾ കേന്ദ്രീകരിച്ചു നടത്താനുണ്ടെന്ന് അധ്യാപകർ പറയുന്നു.

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് ഓൺലൈൻ പഠനത്തിലൂടെ ഇത് നികത്തുന്ന പദ്ധതികൾ പല അധ്യപകരും ആസൂത്രണം ചെയ്തിരുന്നു. അവധിക്കാല അധ്യാപക പരിശീലനവും മേയ് ആദ്യം ആരംഭിക്കും. അധ്യാപകരെ മറ്റ് പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രിയും ഡിജിഇ യും നൽകിയ ഉറപ്പാണ് ജില്ലയിൽ ലംഘിക്കപ്പെടുന്നതെന്ന് അധ്യാപക സംഘടനകൾ ആരോപിച്ചു. നടപടിയിൽ ജില്ലാ വിദ്യാഭ്യാസ അധികൃതർ പിന്മാറണമെന്നു ഓൾ കേരളാ സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) ജില്ലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് വിനയൻ കല്ലത്ത് അധ്യക്ഷത വഹിച്ചു. കെ.പത്മനാഭൻ, സുനിൽകുമാർ കരിച്ചേരി, കെ.വിനോദ് കുമാർ, പി.രാജഗോപാലൻ. എം.ടി.രാജീവൻ, ടി.എ.അജയകുമാർ, രാജേഷ് ഓൾനടിയൻ, എ.സജയൻ, ജയൻ നീലേശ്വരം, കെ.അനിത എ.കെ.സുപ്രഭ, കെ.താജുദ്ദീൻ, എം.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ലൈഫ് മിഷൻ സർവേ അധ്യാപകരെ നിയമിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നു കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെപിഎസ്ടിഎ) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രശാന്ത് കാനത്തൂർ അധ്യക്ഷത വഹിച്ചു. ജി.കെ.ഗിരിജ, പി.ശശിധരൻ, എ.വി.ഗിരീശൻ, ജി.കെ.ഗിരീഷ്, കെ.അനിൽകുമാർ, കെ.ശ്രീനിവാസൻ, കെ.വി.വാസുദേവൻ നമ്പൂതിരി, ജോർജ് തോമസ്, അശോകൻ അ‍‍ഞ്ചാംമൈൽ, ഷീല ചാക്കോ, പി.ടി.ബെന്നി, ടി.രാജേഷ്കുമാർ, കെ.വി.ജനാർദനൻ, സി.കെ.വേണു പി.ചന്ദ്രമതി എന്നിവർ പ്രസംഗിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!