KSDLIVENEWS

Real news for everyone

സംസ്ഥാനത്ത്‌ പുതുതായി അഞ്ച് ഐ.ടി. ഐകൾ ആരംഭിക്കുമെന്ന് – മന്ത്രി ടി. പി. രാമകൃഷ്ണൻ

SHARE THIS ON

കൊച്ചി: സംസ്ഥാനത്ത് പുതുതായി അഞ്ച് ഐ.ടി.ഐകൾ കൂടി ആരംഭിക്കുമെന്ന് തൊഴിൽ നൈപുണ്യവകുപ്പ് മന്ത്രി ടി. പി രാമകൃഷ്ണൻ. ഗവ. ഐ.ടി.ഐകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു. ആരക്കുഴ ഗവ. ഐ.ടി.ഐയുടെ മൂന്നാംഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.

2.66 കോടിരൂപ ചെലവ് വരുന്ന മൂന്നാംഘട്ട നിർമ്മാണപ്രവൃത്തികൾക്കാണ് ആരക്കുഴയിൽ തുടക്കമായത്. നിർമ്മാണം പൂർത്തിയാകുമ്പോൾ നിലവിലുള്ള രണ്ട് ട്രേഡുകൾക്കു പുറമെ മൂന്ന് ട്രേഡുകൾ കൂടി ആരംഭിക്കാനും 240 ട്രെയിനികൾക്ക് പരിശീലനം നൽകുവാനും കഴിയും.

ഗ്രാമീണമേഖലകളിലും വ്യാവസായികപരിശീലന സൗകര്യം ഏർപ്പെടുത്തി കൂടുതൽ പേർക്ക് പരിശീലനം നേടാൻ അവസരമൊരുക്കുമെന്ന് പറഞ്ഞ മന്ത്രി, നാലു വർഷത്തിനിടയിൽ പതിനേഴ് പുതിയ സർക്കാർ ഐടിഐകൾ സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചത് ചൂണ്ടിക്കാട്ടി. നിലവിൽ 99 സർക്കാർ ഐടിഐകളിലായി 22,000 പേർക്ക് ഓരോവർഷവും പ്രവേശനം ലഭിക്കുന്നുണ്ട്. മുഖ്യമന്ത്രി പ്രഖ്യാപിച്ച നൂറുദിന കർമ്മപദ്ധതികളുടെ ഭാഗമായി വ്യാവസായിക പരിശീലനവകുപ്പും വിവിധ വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്.

പത്ത് ഐ.ടി.ഐകൾ കിഫ്ബി ധനസഹായത്തോടെയാണ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നത്. തിരുവനന്തപുരം ചാക്ക, കോഴിക്കോട് ഐ.ടി.ഐകൾ സർക്കാർ പദ്ധതിവിഹിതം ഉപയോഗിച്ചും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. പദ്ധതി പൂർത്തിയാകുന്നതോടെ ഈ പന്ത്രണ്ട് ഐ.ടി.ഐകളും രാജ്യത്തെ ഏറ്റവും മികച്ച വ്യാവസായികപരിശീലന കേന്ദ്രങ്ങൾ എന്ന പദവി കൈവരിക്കും. സംസ്ഥാനത്തെ 99 സർക്കാർ ഐടിഐകളെയും ഉന്നതനിലവാരത്തിലേക്ക് എത്തിക്കുന്നതിനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!