KSDLIVENEWS

Real news for everyone

കപില്‍ സിബല്‍, പി. ചിദംബരം… 41 പേര്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്

SHARE THIS ON

ന്യൂഡല്‍ഹി: 41 പേര്‍ എതിരില്ലാതെ രാജ്യസഭയിലേക്ക്. കോണ്‍ഗ്രസിന്റെ പി. ചിദംബരം, രാജീവ് ശുക്ല, ബിജെപിയുടെ സുമിത്ര വാല്‍മീകി, കവിതാ പാട്ടിദാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍, ആര്‍ജെഡിയുടെ മിസാ ഭാര്‍തി, ആര്‍എല്‍ഡിയുടെ ജയന്ത് ചൗധരി തുടങ്ങിയവരാണ് എതിരില്ലാതെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.ഉത്തര്‍പ്രദേശില്‍നിന്ന് 11, തമിഴ്‌നാടില്‍നിന്ന് ആറ്, ബിഹാറില്‍നിന്ന് അഞ്ച്, ആന്ധ്രപ്രദേശില്‍നിന്ന് നാല്, മധ്യപ്രദേശില്‍നിന്നും ഒഡീഷയില്‍നിന്നും മൂന്നു വീതം, ചത്തിസ്ഗഢ്, പഞ്ചാബ്, തെലങ്കാന, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍നിന്ന് രണ്ട്, ഉത്തരാഖണ്ഡില്‍നിന്ന് ഒന്ന് എന്നിങ്ങനെയാണ് എതിരില്ലാതെ വിജയം നേടിയ രാജ്യസഭാ സീറ്റുകള്‍.


ബിജെപിയില്‍ നിന്ന് ആകെ 14 പേരാണ് എതിരില്ലാതെ വിജയം നേടിയത്. കോണ്‍ഗ്രസ്, വൈഎസ്‌ആര്‍ കോണ്‍ഗ്രസ് എന്നിവയില്‍ നിന്ന് നാലുപേരും ഡിഎംകെ, ബിജെഡി എന്നിവയില്‍നിന്ന് മൂന്നുപേരും രാജ്യസഭയിലെത്തി. ആംആദ്മി പാര്‍ട്ടി, ആര്‍ജെഡി, ടിആര്‍എസ്, എഐഡിഎംകെ എന്നിവയില്‍നിന്ന് രണ്ടുപേരും ജെഎംഎം, ജെഡിയു, എസ്പി, ആര്‍എല്‍ഡി എന്നിവയില്‍നിന്ന് ഒരാളും മത്സരമില്ലാതെ സഭയിലെത്തി. കപില്‍സിബല്‍ സ്വതന്ത്രനായാണ് സഭാംഗമായത്. വെള്ളിയാഴ്ചയായിരുന്നു നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി.

15 സംസ്ഥാനങ്ങളിലെ 57 രാജ്യസഭാ സീറ്റുകളിലേക്ക് ജൂണ്‍ പത്തിനാണ് തെരഞ്ഞെടുപ്പ് നിശ്ചയിച്ചിരിക്കുന്നത്. ഇനി മഹാരാഷ്ട്ര – ആറു സീറ്റ്, രാജസ്ഥാനിലും കര്‍ണാടകയിലും -നാലു സീറ്റ്, ഹരിയാന – രണ്ടു സീറ്റ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. അതേസമയം, രാജസ്ഥാനിലെയും ഹരിയാനയിലെയും രാജ്യസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള സസ്‌പെന്‍സ് വെള്ളിയാഴ്ചയും തുടര്‍ന്നു, അസ്വസ്ഥരായ കോണ്‍ഗ്രസ് അതിന്റെ എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രണ്ട് നഗരങ്ങളായ ഉദയ്‌പൂരിലെയും റായ്‌പൂരിലെയും ഹോട്ടലുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!