എസ്. എസ്. എല്‍. സി പരീക്ഷ ഫലം ഇന്ന്; വിജയ ശതമാനത്തില്‍ കുറവുണ്ടായേക്കുമെന്ന് സൂചന

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷ ഫലം ഇന്നറിയാം. ഉച്ചയ്ക്ക് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇതോടൊപ്പം ടി.എച്ച.എസ്.എല്‍.സി, ടി.എച്ച്.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എസ.എസ്.എല്‍.സി (ഹിയറിങ് ഇംപേര്‍ഡ്), എ.എച്ച്.എസ്.എല്‍.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. 2,961 സെന്ററുകളിലായി ഇത്തവണ 4,26,469 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതിയത്.
ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന വിജയശതമാനമായിരുന്നു കഴിഞ്ഞ കൊല്ലത്തേത്. എന്നാല്‍ ഇക്കുറി അത് കുറയാനാണ് സാധ്യത. ഫോക്കസ് ഏരിയക്ക് പുറത്ത് നിന്നും 30 ശതമാനം ചോദ്യങ്ങള്‍ ഉണ്ടായത് മാര്‍ക്ക് കുറയാന്‍ ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷം ഫുള്‍ എ പ്ലസ് ലഭിച്ചവര്‍ക്ക് പോലും പലയിടത്തും സീറ്റ് കിട്ടിയിരുന്നില്ല. മൂല്യനിര്‍ണയം ഉദാരമാക്കിയതിനാലാണ് ഇങ്ങനെയുണ്ടായതെന്നായിരുന്നു ആരോപണം. ഇത്തവണയും ഗ്രേസ് മാര്‍ക്ക് നല്‍കേണ്ടതില്ലെന്നാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം. കോവിഡ് മൂലം കലാ കായിക പ്രവര്‍ത്തി പരിചയ മേളകള്‍ ഇല്ലാതിരുന്നതാണ് ഇതിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
പരീക്ഷകള്‍ പൂര്‍ത്തിയായി ഒന്നര മാസത്തിനു ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നത്. ഫലപ്രഖ്യാപനത്തിനുള്ള തയ്യാറെടുപ്പുകള്‍ എല്ലാം തന്നെ പൂര്‍ത്തിയായെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. വിദ്യാഭ്യാസമന്ത്രി ഫലം പ്രഖ്യാപിച്ച ശേഷം 4 മണിയോടെ വിദ്യാഭ്യാസവകുപ്പിന്റെ വെബ്‌സൈറ്റുകളില്‍ ഫലം ലഭ്യമാകും. ഇത് കൂടാതെ കൈറ്റ് പുറത്തിറക്കിയ സഫലം 2022′ എന്ന മൊബൈല്‍ ആപ്പ് വഴിയും ഫലമറിയാം.
എസ്.എസ്.എല്‍.സി ഫലം എവിടെ അറിയാം?
മന്ത്രിയുടെ പ്രഖ്യാപനത്തിനു ശേഷം വൈകീട്ട് നാലു മുതല്‍ താഴെപ്പറയുന്ന വെബ്സൈറ്റുകളിലും ആപ്പുകളിലും ഫലം ലഭ്യമാകും.
വെബ്സൈറ്റ് ലിങ്കുകള്‍
www.prd.kerala.gov.in
result.kerala.gov.in
examresults.kerala.gov.in
https://pareekshabhavan.kerala.gov.in
https://sslcexam.kerala.gov.in
https://results.kite.kerala.gov.in
ആപ്പുകള്‍
പി.ആര്‍.ഡി ലൈവ്
സഫലം 2022
പിആര്‍ഡി ലൈവ് ആപ്പില്‍ ഹോം പേജിലെ ലിങ്കില്‍ രജിസ്റ്റര്‍ നമ്ബര്‍ മാത്രം നല്‍കിയാല്‍ മതി. വിശദമായ ഫലം ലഭിക്കും. മൊബൈല്‍ ആപ്പായ പി.ആര്‍.ഡി ലൈവ് ഗൂഗിള്‍ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ലഭ്യമാണ്.

