മകളോ തൊഴിലോ- ഏതെങ്കിലും ഒന്നുമാത്രം തിരഞ്ഞെടുക്കാന്‍ അമ്മയെ നിർബന്ധിക്കാനാവില്ലെന്ന് കോടതി

മുംബൈ: മകള്‍ അല്ലെങ്കില്‍ തൊഴില്‍, ഏതെങ്കിലും ഒന്ന് തിരഞ്ഞെടുത്തേ പറ്റൂ എന്ന് ഒരമ്മയെ നിര്‍ബന്ധിക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. വിവാഹമോചന വ്യവഹാരം നിലനില്‍ക്കുന്ന ദമ്പതിമാര്‍, മകളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് കോടതിയെ സമീപിച്ച കേസിലാണ് നിര്‍ണായക വിധി. ജസ്റ്റിസ് ഭാരതി ഡാംഗ്രെയുടെ സിംഗിള്‍ ബെഞ്ചിന്റെതാണ് ഉത്തരവ്.
പോളണ്ടിലെ ക്രാക്കോവില്‍ ജോലിക്ക് അവസരം ലഭിച്ചതിന് പിന്നാലെ അവിടേക്ക് താമസം മാറാനും ഒന്‍പതുവയസ്സുകാരിയായ മകളെയും ഒപ്പം കൊണ്ടുപോകാനുമായിരുന്നു യുവതിയുടെ തീരുമാനം. ഇതിന് അനുമതി തേടിയാണ് അവര്‍ കോടതിയെ സമീപിച്ചത്. എന്നാല്‍, യുവതിയുടെ ആവശ്യത്തെ ഭര്‍ത്താവ് എതിര്‍ത്തു. മകളെ പോളണ്ടിലേക്ക് കൊണ്ടുപോയാല്‍പ്പിന്നെ തനിക്ക് അവളെ കാണാനാകില്ലെന്നായിരുന്നു ഇയാളുടെ വാദം. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പോളണ്ടിലെ സ്ഥിതി കലുഷിതമാണെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി.

