KSDLIVENEWS

Real news for everyone

അബുദാബിയിൽ സൂര്യൻ ഉദിച്ചില്ല ;
ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച വിജയം.
ശുഭ്മാനും, മോർഗനും തിളങ്ങി

SHARE THIS ON

അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏകപക്ഷീയമായ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് മികച്ച വിജയം. ഹൈദരാബാദ് ഉയര്‍ത്തിയ 143 റണ്‍സ് വിജയലക്ഷ്യം 12 പന്തും ഏഴു വിക്കറ്റും ശേഷിക്കെ കൊല്‍ക്കത്ത അനായാസം മറികടക്കുകയായിരുന്നു. 70 റണ്‍സുമായി പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലും, 42 റണ്‍സുമായി പുറത്താകാതെ നിന്ന ഒയിന്‍ മോര്‍ഗനുമാണ് കൊല്‍ക്കത്തയുടെ വിജയം എളുപ്പമാക്കിയത്. നിതീഷ് റാണ 26 റണ്‍സെടുത്തു. ഗില്‍-മോര്‍ഗന്‍ സഖ്യം പുറത്താകാതെ 93 റണ്‍സാണ് നേടിയത്.

നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സണ്‍റൈസേഴ്സിന് ഭേദപ്പെട്ട സ്കോര്‍ നേടാനായില്ല. നിശ്ചിത 20 ഓറില്‍ നാലിന് 142 റണ്‍സായിരുന്നു അവരുടെ സമ്ബാദ്യം. 51 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഹൈദരാബാദിന്‍റെ ടോപ് സ്കോറര്‍. നായകന്‍ ഡേവിഡ് വാര്‍ണര്‍ 36 റണ്‍സും വൃദ്ധിമാന്‍ സാഹ 30 റണ്‍സുമെടുത്തു. കൊല്‍ക്കത്തയ്ക്കുവേണ്ടി വരുന്‍ ചക്രവര്‍ത്തി, പാറ്റ് കുമ്മിന്‍സ്, ആന്ദ്രെ റസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു. രണ്ടാമത് ബാറ്റു ചെയ്യുന്നത് ദുഷ്ക്കരമാണെന്ന വിലയിരുത്തലിലാണ് ഷെയ്ഖ് സായദ് സ്‌റ്റേഡിയത്തില്‍ ടോസ് ജയിച്ച ഹൈദരാബാദ് നായകന്‍ ബാറ്റു ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതീക്ഷിച്ച വേഗത്തില്‍ റണ്‍സ് സ്കോര്‍ ചെയ്യാന്‍ ഹൈദരാബാദ് ബാറ്റ്സ്മാന്‍മാര്‍ക്ക് സാധിച്ചില്ല. കൃത്യതയോടെ പന്തെറിഞ്ഞ കൊല്‍ക്കത്ത ബൌളര്‍മാര്‍ ഹൈദരാബാദിനെ പ്രതിരോധത്തിലാക്കുകയായിരുന്നു.

ആദ്യമത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ 49 റണ്‍സ് തോല്‍വിയില്‍നിന്ന് കരകയറാന്‍ സഹായിക്കുന്ന വിജയമാണ് ഇന്ന് ഹൈദരാബാദിനെതിരെ കൊല്‍ക്കത്ത നേടിയത്. കളിയുടെ സമസ്ത മേഖലകളിലും അവര്‍ക്ക് ആധിപത്യം പുലര്‍ത്താന്‍ സാധിച്ചു.

രാജസ്ഥാന്‍ റോയല്‍സിഅ അനെതിരെ സെപ്റ്റംബര്‍ 30നാണ് കൊല്‍ക്കത്തയുടെ അടുത്ത മത്സരം. സെപ്റ്റംബര്‍ 29ന് നടക്കുന്ന മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സാണ് സണ്‍റൈസേഴ്സിന്‍റെ അടുത്ത എതിരാളികള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!