KSDLIVENEWS

Real news for everyone

ദലിത് ആയതിനാല്‍ അപമാനം സഹിക്കാന്‍ വയ്യ, യു.പിയില്‍ ഒരു മന്ത്രി രാജിവെച്ചു; മറ്റൊരു മന്ത്രി ഡല്‍ഹിയില്‍

SHARE THIS ON

ലഖ്നോ: ഉത്തര്‍ പ്രദേശിലെ ആദിത്യനാഥ് യോഗി സര്‍ക്കാരിലെ ഭിന്നത മറനീക്കി പുറത്ത്. ദലിത് ആയതിന്റെ പേരില്‍ മാറ്റിനിര്‍ത്തുകയാണെന്നാരോപിച്ച്‌ യോഗി സര്‍ക്കാരില്‍ നിന്ന് ഒരു മന്ത്രി രാജിവെച്ചു. റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ യു.പിയില്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ട യോഗി ആദിത്യനാഥിന് ഇതു വലിയ ക്ഷീണമായി. രാജിക്കത്ത് മന്ത്രി ദിനേഷ് ഖാത്തിക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് അയച്ചു. മുഖ്യമന്ത്രിയോടുള്ള അനിഷ്ടം പരസ്യമാക്കി മറ്റൊരു മന്ത്രി ജിതില്‍ പ്രസാദ ബി.ജെ.പി നേതൃത്വവുമായി കൂടിക്കാഴ്ചക്കായി ഡല്‍ഹിയിലെത്തിയിട്ടുണ്ട്. ആദ്യമായാണ് ആദിത്യ നാഥിനെതിരെ ബി.ജെ.പി അംഗങ്ങള്‍ പരസ്യമായി രംഗത്തുവരുന്നത്.

അധികാരത്തിലേറി 100 ദിവസമായിട്ടും ജലവിഭവ വകുപ്പിന്റെ ചുമതല വഹിക്കുന്ന തന്നെ ഒരു ജോലിയും ഏല്‍പ്പിച്ചിട്ടില്ലെന്ന് ഖാത്തിക് ആരോപിച്ചു. വലിയ മനോവേദന അനുഭവപ്പെട്ടതിനാലാണ് രാജിക്ക് മുതിര്‍ന്നതെന്നും മന്ത്രി തുടര്‍ന്നു. ജലവിഭവ വകുപ്പിലെ സ്ഥലംമാറ്റത്തിലെ ക്രമക്കേടുകളെ കുറച്ചും മന്ത്രി രാജിക്കത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

”ദലിത് ആയതുകൊണ്ടാണ് മന്ത്രിസഭയില്‍ എന്നെ മാറ്റിനിര്‍ത്തുന്നത്. മന്ത്രിയെന്ന നിലയില്‍ എനിക്ക് യാതൊരു അധികാരവുമില്ല. ദലിത് സമൂഹത്തില്‍ നിന്ന് വന്ന ഒരാള്‍ എന്ന നിലയില്‍ എന്റെ മന്ത്രിസ്ഥാനം വെറുതെയായി. ഇതുവരെ ഒരു മന്ത്രിസഭ യോഗത്തിലും പങ്കെടുപ്പിച്ചിട്ടില്ല. എന്റെ വകുപ്പിനെ കുറിച്ച്‌ ആരും ഒന്നും ചോദിച്ചിട്ടുമില്ല. ദലിത് സമുദായത്തെ തന്നെ അപമാനിക്കുന്നതിന് തുല്യമാണിത്” -ഖാത്തിക് ആരോപിച്ചു.

ബി.ജെ.പി നേതൃത്വം ഇദ്ദേഹവുമായി ചര്‍ച്ചക്ക് ശ്രമിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. തന്റെ ഔദ്യോഗിക സംഘത്തിലുണ്ടായിരുന്ന ജീവനക്കാരനെ മുഖ്യമന്ത്രി സസ്‍പെന്‍ഡ് ചെയ്തതാണ് ജിതിന്‍ പ്രസാദയെ ചൊടിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം യു.പി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്ബ് കോണ്‍ഗ്രസ് വിട്ടാണ് ജിതില്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. പൊതുമരാമത്ത് വകുപ്പാണ് ഇദ്ദേഹത്തിന് നല്‍കിയത്.

നിലവില്‍ നിരവധി അഴിമതി ആരോപണങ്ങളാണ് വകുപ്പ് നേരിടുന്നത്. ഇതില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അന്വേഷണത്തില്‍ വകുപ്പിലെ നിരവധി ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. പ്രസാദയുടെ ഓഫിസിന്റെ ചുമതലയുള്ള ഐ.എ.എസ് ഓഫിസര്‍ അനില്‍ കുമാര്‍ പാന്‍ഡെയും അഴിമതിക്കാരുടെ കൂട്ടത്തില്‍ പെട്ടതായി ആരോപണമുയര്‍ന്നിരുന്നു. പാണ്ഡെയെ സസ്‍പെന്‍ഡ് ചെയ്തശേഷം വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!