KSDLIVENEWS

Real news for everyone

ആദ്യമായി മന്ത്രിയായതുകൊണ്ട് മനസിലാകാത്തതാണ്’; ശ്രീറാം വിഷയത്തിൽ ഭക്ഷ്യമന്ത്രിയോട് മുഖ്യമന്ത്രി

SHARE THIS ON

തിരുവനന്തപുരം ∙ മന്ത്രിസഭാ യോഗത്തിൽ ഭക്ഷ്യമന്ത്രി ജി.ആർ.അനിലിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വിമർശനം. ശ്രീറാം വെങ്കിട്ടരാമനെ സിവിൽ സപ്ലൈസ് കോർപറേഷൻ ജനറൽ മാനേജരായി നിയമിച്ചത് തന്നോടു ചോദിക്കാതെയാണെന്നു ജി.ആർ.അനിൽ മന്ത്രിസഭാ യോഗത്തിൽ പരാതിപ്പെട്ടു. മന്ത്രിയോട് ആഭിപ്രായം ചോദിക്കാതെ നിയമിച്ച രീതി ശരിയായില്ല. നേരത്തെയും ഇത്തരം നിയമനം സിപിഐ മന്ത്രിമാരുടെ വകുപ്പിൽ നടന്നതായും ജി.ആർ.അനിൽ പറഞ്ഞു. ഭക്ഷ്യമന്ത്രി മുഖ്യമന്ത്രിക്കു നൽകിയ കത്തിലെ വിവരങ്ങൾ മാധ്യമങ്ങൾക്കു ലഭിച്ചതിനെയാണ് മുഖ്യമന്ത്രി വിമർശിച്ചത്. മന്ത്രിമാർക്ക് അഭിപ്രായം പറയാനും മുഖ്യമന്ത്രിക്കു കത്തു നൽകാനും അവകാശമുണ്ട്. എന്നാൽ, കത്തിനെ സംബന്ധിച്ചു മാധ്യമങ്ങളിൽ വാർത്ത വന്നതു ശരിയായില്ല. കത്ത് തന്റെ ഓഫിസിലെത്തി അതു പൊട്ടിക്കുന്നതിനു മുന്‍പുതന്നെ മാധ്യമങ്ങളിൽ വാർത്തകൾ വന്നു തുടങ്ങി. ഇതിനു മന്ത്രിക്കാണ് ഉത്തരവാദിത്തം. സാധാരണ നിലയിൽ ആലോചിച്ചാണ് ചീഫ് സെക്രട്ടറി നിയമന കാര്യങ്ങളിൽ തീരുമാനമെടുക്കുന്നത്. ആദ്യമായി മന്ത്രിയായതുകൊണ്ട് മനസിലാകാത്തതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയോടെ വിഷയത്തിൽ കൂടുതൽ ചർച്ച ഉണ്ടായില്ല. മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാമിന്റെ നിയമനത്തിൽ അതൃപ്തി അറിയിച്ച് ജി.ആർ.അനിൽ മുഖ്യമന്ത്രിക്കു ഇന്നലെ കത്തു നൽകിയിരുന്നു. ഓണക്കിറ്റിന്റെ വിതരണ നടപടികൾ പുരോഗമിക്കുന്ന ഘട്ടത്തിൽ ഉദ്യോഗസ്ഥനെ മാറ്റിയ നടപടി ശരിയായില്ലെന്നു മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ആലപ്പുഴ കലക്ടർ സ്ഥാനത്തുനിന്ന് ശ്രീറാമിനെ മാറ്റി ഉത്തരവിറക്കിയത്. സപ്ലൈക്കോ ജനറൽ മാനേജരുടെ തസ്തിക ജോയിന്റ് സെക്രട്ടറിയുടേതിനു തുല്യമാക്കി ഉയർത്തിയാണ് നിയമിച്ചത്. ശ്രീറാമിനെ കലക്ടറായി നിയമിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!