കാഡ്ബറിയുടെ ഗോഡൗണില്‍ വന്‍ കവര്‍ച്ച; മോഷണം പോയത് 17 ലക്ഷം രൂപയുടെ ചോക്‌ളേറ്റുകള്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ കാഡ്ബറിയുടെ ഗോഡൗണില്‍ നിന്ന് 17 ലക്ഷം രൂപയുടെ ചോക്‌ളേറ്റുകള്‍ മോഷണം പോയി. ലഖ്‌നൗവിലെ വിതരണക്കാരനായ രാജേന്ദ്ര സിംഗ് സിദ്ധുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.ഇദ്ദേഹത്തിന്‍റെ വീടാണ് ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്നത്. അടുത്തിടെയാണ് രാജേന്ദ്ര സിംഗ് ഇവിടെ ഗോഡൗണ്‍ ആരംഭിച്ചത്. തിങ്കളാഴ്ച രാത്രി വൈകിയാണ് മോഷണം നടന്നത് എന്നാണ് കരുതുന്നത്.
ചൊവ്വാഴ്ച വിതരണക്കാര്‍ ഗോഡൗണിലെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഇവിടുത്തെ സിസിടിവി ക്യാമറകളും മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടുണ്ട്. രാത്രിയില്‍ പിക്കപ്പ് വാനിന്റെ ശബ്ദം കേട്ടതായി അയല്‍വാസികള്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ അത് സ്റ്റോക്ക് എടുക്കാന്‍ വന്നവരാകും എന്ന് കരുതിയത് കൊണ്ടാണ് ശ്രദ്ധിക്കാത്തതെന്നും ഇവര്‍ അറിയിച്ചു.
സംഭവത്തില്‍ വിതരണക്കാരനായ രാജേന്ദ്ര സിംഗ് ചിന്‍ഹട്ട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. മോഷ്ടാക്കളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ അറിയിക്കണമെന്ന് സിദ്ധു നാട്ടുകാരോട് അഭ്യര്‍ത്ഥിച്ചു. പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള മറ്റ് സിസിടിവി ക്യാമറകളുടെ ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.

