KSDLIVENEWS

Real news for everyone

ഹോട്ടലിൽ നിന്ന് പൊറോട്ടയും ഓംലെറ്റും കഴിച്ചു, അസ്വസ്ഥത; യുവാവ് മരിച്ചു

SHARE THIS ON

കട്ടപ്പന ∙ പൊറോട്ട കഴിച്ചുകൊണ്ടിരിക്കെ അസ്വസ്ഥത അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൂപ്പാറ ചൂണ്ടൽ സ്വദേശി ബാലാജി(35) ആണ് മരിച്ചത്. 22ന് രാത്രിയിൽ കട്ടപ്പനയിലായിരുന്നു സംഭവം.

തമിഴ്‌നാട്ടിൽനിന്ന് പുളിയൻമലയിലെ തോട്ടത്തിലേക്കുള്ള വളം കയറ്റിയ ലോറിയിലാണ് ബാലാജിയും ബന്ധുവായ യുവാവും ലോഡ് ഇറക്കാനായി എത്തിയത്. രാത്രിയായിട്ടും വളം ഇറക്കി തീരാത്തതിനാൽ കട്ടപ്പനയിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചശേഷം പിറ്റേന്ന് ഇറക്കിയാൽ മതിയെന്ന് തോട്ടം ഉടമ നിർദേശിച്ചു. തുടർന്ന് മൂവരും കട്ടപ്പനയിലെ ലോഡ്ജിൽ മുറിയെടുക്കാൻ എത്തി. ഇതിനിടെ നഗരത്തിലെ ഒരു ഹോട്ടലിൽനിന്ന് പൊറോട്ടയും ഓംലെറ്റും വാങ്ങി വാഹനത്തിലിരുന്നു കഴിച്ചു.


മദ്യപിച്ചിരുന്ന ബാലാജിക്ക് ഭക്ഷണം കഴിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ടു. ഒപ്പമുണ്ടായിരുന്നവർ നഗരത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പൊറോട്ട തൊണ്ടയിൽ കുടുങ്ങിയതാകാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും പോസ്റ്റുമോർട്ടത്തിനുശേഷമേ ഇത് വ്യക്തമാകൂവെന്നു പൊലീസ് പറഞ്ഞു. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ശാന്തിയാണ് ബാലാജിയുടെ ഭാര്യ. മക്കൾ: അർജുൻ, അശ്വിൻ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!