KSDLIVENEWS

Real news for everyone

മോദി ഭരണത്തില്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ശ്രമമാണ് ഗവര്‍ണറുടെതെന്ന് കോടിയേരി

SHARE THIS ON

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും രണ്ട് പക്ഷത്തെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. നരേന്ദ്ര മോദിയെ അനുകൂലിക്കുന്ന രാഷ്ട്രീയവും എതിര്‍ക്കുന്ന രാഷ്ട്രീയവും തമ്മിലുള്ള ചേരിതിരിവ് ആണിത്. കമ്യൂണിസ്റ്റ് വിരുദ്ധ ജ്വരം സൃഷ്ടിക്കുകയാണ് ഗവര്‍ണര്‍. മോദി ഭരണത്തില്‍ കമാന്‍ഡര്‍ ഇന്‍ ചീഫ് ആകാനുള്ള ശ്രമമാണ് ഗവര്‍ണര്‍ക്ക്. ജനങ്ങള്‍ തെരഞ്ഞെടുത്ത മന്ത്രിസഭ നിലനില്‍ക്കെ സമാന്തര ഭരണം അടിച്ചേല്‍പ്പിക്കാനാവില്ലെന്നും ദേശാഭിമാനിയിലെ ലേഖനത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഗവര്‍ണര്‍ വളയമില്ലാതെ ചാടരുത് എന്ന തലക്കെട്ടിലെഴുതിയ ലേഖനത്തിലാണ് കോടിയേരി ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ചത്. ഗവര്‍ണര്‍ പദവി ഒരു അജഗളസ്തനമാണെന്നും അനാവശ്യമായ ഈ സ്ഥാനം ഇല്ലാതാക്കണമെന്നും ഇടതുപക്ഷ പാര്‍ടികള്‍ മുമ്ബേ ആവശ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഭരണഘടന വിഭാവനം ചെയ്തിരിക്കുന്ന സംവിധാനമായതുകൊണ്ട് ഏറ്റുമുട്ടുകയെന്നത് നയമായി എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. ഗവര്‍ണര്‍ക്ക് സംസ്ഥാന ഭരണത്തലവനെന്ന വിശേഷണമുണ്ട്. എന്നാല്‍, ജനങ്ങള്‍ തെരഞ്ഞെടുത്ത ഭരണത്തെ മറികടക്കാനുള്ള സ്ഥാനമല്ല ഇത്. മന്ത്രിസഭയുടെ ഉപദേശത്തോടെ പ്രവര്‍ത്തിക്കേണ്ട പദവിയാണ് ഗവര്‍ണറുടേത്. അതല്ലാതെ മുഖ്യമന്ത്രിക്കോ മന്ത്രിമാര്‍ക്കോ മേലോ സ്വന്തം സാമ്രാജ്യമോ സമാന്തരഭരണമോ നടത്താന്‍ ഗവര്‍ണറെ ഭരണഘടന അനുവദിക്കുന്നില്ല. ഇത് മനസ്സിലാക്കുന്നതില്‍ ആരിഫ് മുഹമ്മദ് ഖാന് വലിയ പിഴവ് പറ്റിയിട്ടുണ്ട്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാതെ ബി.ജെ.പി- ആര്‍.എസ്.എസ് രാഷ്ട്രീയ ചേരിയെ ആഹ്ലാദിപ്പിക്കുകയാണ് ഗവര്‍ണറെന്നും ലേഖനത്തില്‍ പറയുന്നു.

ഗവര്‍ണര്‍ പദവിയെ കേന്ദ്ര സര്‍ക്കാരിന്‍റെ രാഷ്ട്രീയക്കളിക്കുള്ള ഉപകരണമാക്കി അധഃപതിപ്പിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിനും ഫെഡറല്‍ സംവിധാനത്തിനും ഹാനികരമാണ്. ഗവര്‍ണര്‍ക്ക് ഭരണഘടന നല്‍കിയിരിക്കുന്ന അധികാരങ്ങള്‍ വളരെ വിപുലമാണ്. അവയെ മുഖവിലയ്‌ക്കെടുത്താല്‍ അവ ഗംഭീരമാണെന്ന് തോന്നാമെങ്കിലും ഗവര്‍ണര്‍ സാധാരണഗതിയില്‍ സംസ്ഥാനത്തിന്‍റെ ‘വ്യവസ്ഥാപിത’ തലവന്‍ മാത്രമാണെന്ന് ഡോ. ബി.ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വന്തം കൃത്യനിര്‍വഹണത്തില്‍ അദ്ദേഹം ചീഫ് എക്‌സിക്യൂട്ടീവ് എന്നപേരില്‍ അറിയപ്പെടുന്നുവെങ്കിലും യഥാര്‍ഥ അധികാരങ്ങള്‍ മന്ത്രിസഭയുടെ കയ്യിലാണെന്ന് അര്‍ഥം. ജനാധിപത്യ വ്യവസ്ഥയില്‍ അധിഷ്ഠിതമായ ഒരു സര്‍ക്കാര്‍ നിലവിലുള്ളപ്പോള്‍ ഗവര്‍ണര്‍ യഥാര്‍ഥ അധികാരിയായി ചമയുന്നത് അപഹാസ്യമാണെന്നും കോടിയേരി എഴുതുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!