തയ്‌വാന്‍ കടലിടുക്കില്‍ യുഎസ് യുദ്ധക്കപ്പല്‍; ഏത് പ്രകോപനത്തെയും നേരിടാന്‍ സജ്ജമെന്ന് ചൈന

തായ്പെയ് : യുഎസ് ജനപ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ തയ്വാന്‍ സന്ദര്‍ശനത്തിനുപിന്നാലെ അമേരിക്കന്‍ നാവികസേനയുടെ രണ്ട് യുദ്ധക്കപ്പല്‍ ഞായറാഴ്ച തയ്വാന്‍ കടലിടുക്കിലെത്തി. യുഎസ് യുദ്ധക്കപ്പലുകളുടെ സാന്നിധ്യം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ഏത് പ്രകോപനത്തെയും നേരിടാന്‍ ചൈന സജ്ജമാണെന്നും പീപ്പിള്‍ ലിബറേഷന്‍ ആര്‍മി കിഴക്കന്‍ കമാന്‍ഡിന്റെ വക്താവ് ഷി യി പറഞ്ഞു. എന്നാല്‍, പതിവ് നിരീക്ഷണങ്ങളുടെ ഭാഗമാണിതെന്നാണ് യുഎസ് നാവികസേനയുടെ വിശദീകരണം. മേഖലയെ വീണ്ടും സംഘര്‍ഷഭരിതമാക്കാന്‍ ലക്ഷ്യമിട്ടാണ് യുഎസ് നീക്കമെന്ന് വിലയിരുത്തലുണ്ട്.
ചൈനയുടെ എതിര്‍പ്പ് അവഗണിച്ചുള്ള നാന്‍സി പെലോസിയുടെ തയ്വാന്‍ സന്ദര്‍ശനശേഷം തയ്വാന്‍ കടലിടുക്കില്‍ ചൈന സൈനിക അഭ്യാസം നടത്തിയിരുന്നു. പെലോസിയുടെ സന്ദര്‍ശനത്തിന് 12 ദിവസം പിന്നിട്ടപ്പോള്‍ അമേരിക്കയിലെ ജനപ്രതിനിധി–-ഉദ്യോഗസ്ഥ സംഘവും തയ്വാന്‍ സന്ദര്‍ശിച്ചു.

