ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ വേണുഗോപാല്‍ സ്‌കൂളില്‍ പോകുകയായിരുന്നു- ഗുലാം നബി ആസാദ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കും കോണ്‍ഗ്രസ് നേതൃത്വത്തിനുമെതിരേ വീണ്ടും രൂക്ഷ വിമര്‍ശനം ഉയര്‍ത്തി, ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. രാഹുല്‍ നല്ല വ്യക്തിയാണെങ്കിലും രാഷ്ട്രീയത്തിന് പറ്റിയ ഗുണം അദ്ദേഹത്തിനില്ലെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. വിവിധ ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ഇന്നും അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്.
‘സ്വന്തം ചരിത്രത്തെക്കുറിച്ച് ഒരു ധാരണയുമില്ലാത്തവരോട് എനിക്ക് തര്‍ക്കിക്കാന്‍ കഴിയില്ല. ജി-23ന് മുമ്പ് തന്നെ പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് ഞാന്‍ ഒരു കത്തയച്ചിരുന്നു. എന്നിട്ട് അവര്‍ എന്താണ് ചെയ്തത്. ഉന്നയിച്ച വിഷയങ്ങള്‍ കെ.സി.വേണുഗോപാലുമായി ചര്‍ച്ച ചെയ്യാനും ഏകോപിപ്പിക്കാനുമാണ് ആവശ്യപ്പെട്ടത്. ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ കെ.സി.വേണുഗോപാല്‍ സ്‌കൂളില്‍ പോകുകയായിരുന്നുവെന്ന് ഞാന്‍ അവരോട് പറഞ്ഞു.
‘എന്നാല്‍, രണ്‍ദീപ് സിങ് സുര്‍ജെവാലയോട് സംസാരിക്കാന്‍ അപ്പോള്‍ ആ കുടുംബത്തിലെ ഒരാള്‍ പറഞ്ഞു. ഞാന്‍ ജനറല്‍ സെക്രട്ടറി ആയിരിക്കുമ്പോള്‍ രണ്‍ദീപിന്റെ പിതാവ് സംസ്ഥാന ഘടകത്തിന്റെ ഭാഗമാണ്. അദ്ദേഹം എനിക്ക് കീഴില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ്. ഞാന്‍ എങ്ങനെ അദ്ദേഹത്തിന്റെ മകനുമായി പാര്‍ട്ടി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. എന്താണ് രാഹുല്‍ ഗാന്ധി ജീ, താങ്കള്‍ പറയുന്നത്’, ന്യൂസ് 18ന് നല്‍കിയ അഭിമുഖത്തിനിടെ ഗുലാം നബി പറഞ്ഞു.

