30-കാരിയെ ട്രെയിനിനുള്ളില്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമം; എതിര്‍ത്തപ്പോള്‍ പുറത്തേക്കെറിഞ്ഞ് കൊന്നു

ചണ്ഡീഗഢ്: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ വെച്ച് ബലാത്സംഗം ചെയ്യാനുള്ള ശ്രമത്തെ എതിര്‍ത്ത യുവതിയെ ട്രാക്കിലേക്കെറിഞ്ഞ് കൊലപ്പെടുത്തി. ഹരിയാനയിലെ ഫത്തേബാദ് ജില്ലയിലാണ് സംഭവം നടന്നത്. 27കാരനായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒന്‍പത് വയസ്സുള്ള മകനുമൊത്ത് യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് കൊല്ലപ്പെട്ടത്.
ട്രെയിന്‍ ഫത്തേബാദിലെ ടൊഹാന ടൗണ്‍ സ്റ്റേഷനിലെത്തിയപ്പോള്‍ അമ്മ ഒപ്പമില്ലാതെ കരഞ്ഞുകൊണ്ട് നില്‍ക്കുന്ന മകനെ കണ്ട് അച്ഛന്‍ കാര്യം തിരക്കിയപ്പോഴാണ് വിവരം അറിഞ്ഞത്. യുവതിയും മകനും യാത്ര ചെയ്ത കമ്പാര്‍ട്ടുമെന്റില്‍ മൂന്ന് യാത്രക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ട്രെയിനില്‍ യുവതിയെ കണ്ട പ്രതി ആക്രമിക്കുകയും പുറത്തേക്ക് തള്ളിയിട്ട ശേഷം ഒപ്പം ചാടുകയും ചെയ്തു.
മകന്‍ കരഞ്ഞുകൊണ്ട് തന്റെ അടുത്ത് വന്ന ശേഷം അമ്മയെ ഒരാള്‍ ഡോറിന്റെ ഭാഗത്ത് വെച്ച് പുറത്തേക്ക് വലിച്ചുവെന്നും തള്ളിയിട്ടുവെന്നും യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. സ്റ്റേഷനിലെത്തുന്നതിന് 20 കിലോമീറ്റര്‍ മുന്‍പ് കൂട്ടിക്കൊണ്ട് പോകാന്‍ സ്‌റ്റേഷനില്‍ എത്തണമെന്ന് ഭാര്യ പറഞ്ഞുവെന്നും എന്നാല്‍ ഇപ്പോള്‍ അവള്‍ ജീവനോടെയില്ലെന്നും ഭര്‍ത്താവ് പറഞ്ഞു.

