മോര്‍ഫ് ചെയ്ത ചിത്രം അയച്ച് ഓണ്‍ലൈന്‍ വായ്പ ആപ്പുകാരുടെ ഭീഷണി; ദമ്പതിമാര്‍ ജീവനൊടുക്കി

ഹൈദരാബാദ്: ഓണ്‍ലൈന്‍ വായ്പ സംഘത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ആന്ധ്രാപ്രദേശില്‍ ദമ്പതിമാര്‍ ജീവനൊടുക്കി. അല്ലൂരി സ്വദേശിയും രാജമഹേന്ദ്രവരം ശാന്തിനഗറില്‍ താമസക്കാരനുമായ കൊല്ലി ദുര്‍ഗ റാവു, ഭാര്യ രമ്യലക്ഷ്മി എന്നിവരാണ് വെസ്റ്റ് ഗോദാവരി ജില്ലയിലെ ഹോട്ടലില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. മകളുടെ ജന്മദിനത്തിലായിരുന്നു ദാരുണസംഭവം.
ദമ്പതിമാര്‍ രണ്ട് ഓണ്‍ലൈന്‍ വായ്പ ആപ്പുകളില്‍നിന്ന് പണം വായ്പയെടുത്തിരുന്നതായും ഇത് തിരിച്ചടക്കാത്തതിനാല്‍ രമ്യയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ആപ്പ് കമ്പനിക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞദിവസം ഇവര്‍ രമ്യയുടെ മോര്‍ഫ് ചെയ്ത ചിത്രം വാട്‌സാപ്പിലൂടെ അയച്ചുനല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് ദമ്പതിമാര്‍ വെസ്റ്റ് ഗോദാവരിയിലെ ഹോട്ടലില്‍ മുറിയെടുത്ത ശേഷം വിഷം കഴിച്ച് ജീവനൊടുക്കിയത്.

