ആരവിന് പിന്നാലെ സിദ്ധാർത്ഥും പോയി; അമ്മയുടേയും മകന്റേയും ചേതനയറ്റ ശരീരം, വിങ്ങിപ്പൊട്ടി അഭിജിത്ത്

തിരുവനന്തപുരം: ദിണ്ടിഗലിനു സമീപം വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. അപകടത്തിൽ മരിച്ച മണക്കാട് വലിയപള്ളിക്കു സമീപം താമസിക്കുന്ന ജയയുടെ മകൾ ശരണ്യയുടെയും സെയ്ദിന്റെയും മകൻ സിദ്ധാർത്ഥ്(9) ആണ് മധുര ഗവൺമെന്റ് മെഡിക്കൽ കോളേജിൽ മരിച്ചത്. ജയയുടെ മറ്റൊരു മകൾ സംഗീതയുടെയും അഭിജിത്തിന്റെയും മകൻ ഒന്നരവയസ്സുള്ള ആരവും അഭിജിത്തിന്റെ അമ്മ ശൈലജയും അപകടത്തിൽ മരിച്ചിരുന്നു.
അപകടത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ് വെന്റിലേറ്ററിലായിരുന്ന സിദ്ധാർത്ഥ് ഞായറാഴ്ച രാവിലെ ഏഴോടെയാണ് മരിച്ചത്. കഴിഞ്ഞ ദിവസം അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മറ്റുള്ളവരെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരുന്നെങ്കിലും സിദ്ധാർത്ഥിന്റെ സ്ഥിതി ഗുരുതരമായതിനാൽ യാത്ര ഒഴിവാക്കുകയായിരുന്നു. സിദ്ധാർത്ഥിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം അച്ഛൻ സെയ്ദിന്റെ നാടായ തെങ്കാശിയിലേക്ക് കൊണ്ടുപോകാനാണ് തീരുമാനം.
അപകടത്തിൽ മരിച്ച മറ്റ് മൂന്നുപേരുടെ മൃതദേഹം കഴിഞ്ഞ ദിവസം സംസ്കരിച്ചു. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹങ്ങൾ രാവിലെ പത്തോടെയാണ് കുര്യാത്തി റൊട്ടിക്കടമുക്കിലെ വീട്ടിലെത്തിച്ചത്. വീട്ടിനു മുന്നിൽ പൊതുദർശനത്തിന് വെച്ച മൃതദേഹങ്ങളിൽ അന്ത്യോപചാരമർപ്പിക്കാൻ നൂറുകണക്കിനു പേരാണ് എത്തിയത്. വർഷങ്ങൾ കാത്തിരിപ്പിനുശേഷം ജനിച്ച മകൻ ആരവിന് അന്ത്യോപചാരമർപ്പിക്കാൻ അച്ഛൻ അഭിജിത്തിനെ ആശുപത്രിയിൽനിന്നു സുഹൃത്തുക്കൾ ശ്മശാനത്തിൽ എത്തിച്ചിരുന്നു. അമ്മയുടെയും മകന്റെയും മൃതദേഹങ്ങൾക്കുമുന്നിൽ നിന്ന അഭിജിത്തിനെ ആശ്വസിപ്പിക്കാൻ കഴിയാതെ ചുറ്റും നിന്നവർ വിങ്ങിപ്പൊട്ടി. പരിക്കേറ്റ് ചികിത്സയിൽക്കഴിയുന്ന അഭിജിത്തിന്റെ ഭാര്യ സംഗീത അടക്കമുള്ളവർക്ക് മരണാനന്തരച്ചടങ്ങിലേക്ക് എത്താനായില്ല.

