ലഖിംപൂര്‍ ദളിത് സഹോദരികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; അന്വേഷണത്തിന് പ്രത്യേക സംഘം

ദില്ലി: ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. സി ഐ നിഗശന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ ഒരു വനിതാ പൊലീസ് അടക്കം ആറ് പേരാണ് ഉള്ളത്. കേസില്‍ അറസ്റ്റിലായ ആറ് പേര്‍ ലഖിപൂര്‍ ജില്ലാ ജയിലിലാണ് ഉള്ളത്. ഇതിനിടെ കോണ്‍ഗ്രസ് നേതാക്കള്‍ പെണ്‍കുട്ടികളുടെ കുടുംബത്തെ കണ്ടു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കുടുംബത്തിന് 8 ലക്ഷം രൂപയാണ് സഹായധനം അനുവദിച്ചത്.
അതേസമയം, കൊല്ലപ്പെട്ട പെണ്‍കുട്ടികള്‍ സ്വമേധയാ പ്രതികള്‍ക്കൊപ്പം പോവുകയായിരുന്നുവെന്ന യുപി പൊലീസിന്‍റെ വാദം തള്ളുകയാണ് പെണ്‍കുട്ടികളുടെ അമ്മ. തന്‍റെ മുന്നില്‍ വച്ച് മക്കളെ ബലമായി പിടിച്ചു കൊണ്ടുപോവുകയായിരുന്നു എന്നാണ് അമ്മ ആവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ പ്രതികളുടെ അറസ്റ്റിന് ശേഷം എസ്പി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വിമര്‍ശനം ഉയരുകയാണ്.
പതിനഞ്ചും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികള്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിന്‍്റെ പ്രാഥമിക കണ്ടെത്തലുകള്‍ക്കെതിരെയാണ് ചോദ്യങ്ങളുയരുന്നത്. പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോയതല്ല അവര്‍ സ്വമേധയാ പ്രതികള്‍ക്കൊപ്പം പോയതാണ് എന്നാണ് യുപി പൊലീസിന്‍്റെ വിശദീകരണം. പൊലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഇക്കാര്യം എങ്ങനെ കണ്ടെത്തി എന്നതാണ് പ്രധാന ചോദ്യം. പെണ്‍കുട്ടികളുടെ അമ്മ ഈ വാദം പൂര്‍ണ്ണമായും തള്ളുകയാണ്. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തില്‍ കഴിയുന്ന തന്നെ കുളിക്കാന്‍ സഹായിക്കുകയായിരുന്ന മക്കളെ പ്രതികള്‍ ബലമായി കൂട്ടിക്കൊണ്ട് പോവുകയായിരുന്നു എന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. പ്രതികളെ തടഞ്ഞ തന്നെ ചവിട്ടി താഴെയിട്ടുവെന്നും അമ്മ പറഞ്ഞു. ചോട്ടു എന്ന പ്രതി സംഭവം നടക്കുമ്ബോള്‍ സ്ഥലത്തില്ലെന്ന് പൊലീസ് പറയുമ്ബോള്‍ ചോട്ടുവാണ് വീട്ടില്‍ വന്ന് മകളെ തട്ടിക്കൊണ്ടു പോയതെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു.

