പ്രധാനമന്ത്രിയെ വധിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തി: ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പോപുലര്‍ ഫ്രണ്ട് ഗൂഢാലോചന നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജൂലൈയില്‍ ബിഹാറില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ വധിക്കാന്‍ നീക്കം നടത്തിയെന്നാണ് ഇ.ഡിയുടെ ആരോപണം. കേരളത്തില്‍ നിന്നും അറസ്റ്റ് ചെയ്ത ഷെഫീക്കിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഈ ആരോപണമുള്ളത്.
പറ്റ്നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ വധിക്കാന്‍ നീക്കം നടന്നുവെന്നാണ് ഇ.ഡിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. യു.പിയില്‍ നിന്നുള്ള ചില നേതാക്കളെയും വധിക്കാന്‍ നീക്കം നടന്നുവെന്നും ഇതിനായി പരിശീലനം നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിവിധ സംസ്ഥാനങ്ങളിലെ പോപുലര്‍ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എന്‍.ഐ.എയും ഇ.ഡിയും കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് കേരളത്തില്‍ നിന്നടക്കം അറസ്റ്റ് ചെയ്ത പോപുലര്‍ ഫ്രണ്ട് നേതാക്കളെ എന്‍.ഐ.എ ആസ്ഥാനത്ത് ചോദ്യംചെയ്യുകയാണ്. എന്‍.ഐ.എ ഡയറക്ടര്‍ ജനറല്‍ ധിന്‍ങ്കര്‍ ഗുപ്തയുടെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യംചെയ്യുന്നത്. നാല് ദിവസമാണ് ചോദ്യംചെയ്യാനായി ഡല്‍ഹി പട്ട്യാല ഹൗസ് കോടതി അനുവദിച്ചിരിക്കുന്നത്. എന്നാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് എന്‍.ഐ.എ കോടതിയെ സമീപിക്കും. പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്മാന് ഒ.എം.എ സലാം, ദേശീയ സെക്രട്ടറി നസറുദ്ദീന്‍ എളമരം, സംസ്ഥാന പ്രസിഡന്റ് സി.പി മുഹമ്മദ് ബഷീര്‍ തുടങ്ങിയവരെയാണ് ഡല്‍ഹിയിലേക്ക് കൊണ്ടുപോയത്.

